കോട്ടയം: എംജി സർവകലാശാലയിൽനിന്നു സർട്ടിഫിക്കറ്റുകൾ കാണാതായ കേസിൽ ബോധപൂർവമായ കുറ്റകൃത്യം നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയായതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു. അതേസമയം, സർവകലാശാലതല അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ വിസി ഉത്തരവിട്ടു.
കഴിഞ്ഞ മാസം 17നാണ് പേരെഴുതാത്ത സർട്ടിഫിക്കറ്റുകൾ കാണാതായതായി എംജി സർവകലാശാല സ്ഥിരീകരിക്കുന്നത്. നാലു ദിവസം തിരച്ചിൽ നടത്തിയെങ്കിലും സർട്ടിഫിക്കറ്റുകൾ സർവകലാശാലയ്ക്കു പുറത്തു പോയതായി സൂചന ലഭിച്ചതോടെയാണ് പൊലീസിൽ പരാതിപ്പെടുകയും സർവകലാശാലതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്.
സെക്‌ഷൻ ഓഫിസർമാരുടെയും അസിസ്റ്റന്റുമാരുടെയും മൊഴിയെടുപ്പ് പൂർത്തിയായി. സർവകലാശാലയിലെ ചില താൽക്കാലിക ജീവനക്കാരെ പൊലീസ് സംശയിക്കുന്നതായി സൂചനയുണ്ട്.
നിലവിൽ സസ്പെൻഷൻ ലഭിച്ച രണ്ട് ഉദ്യോഗസ്ഥരും പ്രതിപക്ഷ സംഘടനകളിൽ ഉൾപ്പെട്ടവരാണ്. കരുതിക്കൂട്ടി പ്രതിപക്ഷ സംഘടനകളുടെ ജീവനക്കാരെ ആക്രമിച്ചതായി പരാതിയുണ്ട്.