പാലാ: സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി സംഘടിപ്പിക്കുന്ന സഹകരണ അദാലത്തിന് പാലായിൽ തുടക്കമായി. പാലാ ടൗൺ ഹാളിൽ നടന്ന അദാലത്ത് സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇടതു വലത് മുന്നണികൾ സഹകരണ മേഖലയെ അഴിമതിക്കുള്ള മാർഗ്ഗമായി മാറ്റിയതായി അദ്ദേഹം പറഞ്ഞു.
ചെറുകിട സഹകാരികളെയെല്ലാം വഞ്ചിച്ച ഇക്കൂട്ടർ സഹകരണ രംഗത്തെ ഭീമന്മാരായ ഊരാളുങ്കൽ, റബ്കോ എന്നിവർക്ക് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുവാൻ അവസരമൊരുക്കി. സഹകരണ ബാങ്കുകളെ കള്ളപ്പണം മറയ്ക്കാനുള്ള ഇടമായി ഇവർ മാറ്റി. സഹകരണ മേഖലയിൽ ഏകീകൃത സോഫ്റ്റ് വെയർ കൊണ്ടുവരുവാനുള്ള കേന്ദ്ര നീക്കത്തിന് അനുകൂലമായി 26 സംസ്ഥാനങ്ങൾ ഒപ്പുവച്ചപ്പോൾ കേരളം ഇതിൽ നിന്നും പിന്മാറിയതിന് പിന്നിലും അഴിമതിയാണ് ലക്ഷ്യമിടുന്നത് എന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സുതാര്യത ഇല്ലാതെ സഹകരണ മേഖലയെ തകർത്ത് ജനങ്ങളെ വഴിയാധാരമാക്കിയതിൻ്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഇടതു വലത് ഉന്നത നേതാക്കൾക്കാണ്. സഹകരണ ബാങ്കുകളിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുള്ളവരെല്ലാം സാധാരണക്കാരിൽ സാധാരണക്കാരാണെന്നും അവർക്ക് സംരക്ഷണം ഒരുക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ.എൻ.കെ നാരായണൻ നമ്പൂതിരി, സംസ്ഥാന സമിതി അംഗങ്ങൾ ആയ പി.ജെ തോമസ്, പ്രൊഫ.ബി വിജയകുമാർ, കെ ഗുപ്തൻ, എൻ.കെ ശശികുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ അനിൽകുമാർ, മിനർവ മോഹൻ, ജില്ലാ സെക്രട്ടറി മാരായ അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, വിനൂബ് വിശ്വം, ഡോ.ശ്രീജിത്ത് കൃഷ്ണൻ,
ന്യൂനപക്ഷ മോർച്ച ദേശീയ കൗൺസിൽ അംഗം സുമിത് ജോർജ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ് വിഷ്ണു, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോജൻ ജോർജ്, സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആയ രഞ്ജിത് മീനഭവൻ, സോമൻ തച്ചേട്ട്, ടി.എ ഹരികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് മാരായ ബിനീഷ് ചൂണ്ടശ്ശേരി, സരീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ.അനീഷ്, പി.ആർ മുരളീധരൻ, സതീഷ് കെ.ബി, ഷാനു വി എസ്, മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ തുടങ്ങിയവർ പങ്കെടുത്തു.