റൂട്ട് പൂര്‍ത്തീകരിക്കാതെ രാത്രികാലങ്ങളില്‍ യാത്രക്കാരെ പെരുവഴിയിലിറക്കി വിടുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ധാര്‍ഷ്ഠ്യത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു.
കുന്നോന്നി - പാലാ റൂട്ടിൽ സര്‍വ്വീസ് നടത്തുന്ന ഒരു സ്വകാര്യ ബസാണ് രാത്രി 7.40 നുള്ള അവസാന ട്രിപ്പ് കുന്നോന്നി '0' പോയിന്റിലേക്ക് എത്താതെ രണ്ടര കിലോമീറ്റര്‍ പിന്നിലായി കമ്പനി ജംഗ്ഷനില്‍ അവസാനിപ്പിക്കുന്നത്. ഇതിന് ശേഷം മറ്റ് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസം രാത്രിയില്‍ സ്ത്രീകളും കൈക്കുഞ്ഞുമടങ്ങിയ യാത്രക്കാരെ ടൗണിലിറക്കിവിട്ട സംഭവവുമുണ്ടായി. പിന്നീട് ഇവര്‍ ബന്ധുക്കളെ വിളിച്ചുവരുത്തി സ്വകാര്യ വാഹനത്തില്‍ യാത്ര തുടരുകയാണുണ്ടായത്.
കുന്നോന്നി '0' പോയിന്റുവരെ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാരെ നിശ്ചിത പോയിന്റിനും മുമ്പേ വഴിയിലിറക്കി വിടുന്ന സമ്പ്രദായം ഇനി അനുവദിച്ചുകൊടുക്കാനാവില്ലെന്നും യാത്രക്കാരുടെ പരാതികള്‍ റെസിഡന്‍സ് കൗണ്‍സിലിന് ലഭിച്ചുവെന്നും കര്‍ശന നടപടിക്കായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റിന് പരാതി ഫോര്‍വേഡ് ചെയ്തിട്ടുണ്ടെന്നും കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.
ട്രിപ്പ് കട്ട് ചെയ്യുന്നതും പൂര്‍ത്തീകരിക്കാതിരിക്കുന്നതും ഓര്‍ഡര്‍ നമ്പര്‍ C2/2421/11K dated 17/9/11 ന്റെ (ആര്‍.ടി.എ. വിധി) ലംഘനമാണ്. ഈ നടപടി തുടര്‍ന്നാല്‍ കോട്ടയം ആര്‍.റ്റി.എയെ സമീപിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.