പാലാ: കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ജിജി തമ്പി (കേരള കോൺഗ്രസ് (എം) തെരഞ്ഞെടുക്കപ്പെട്ടു. മുൻ ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ആയി പത്ത് വർഷം പ്രവർത്തിച്ചിരുന്നു. രണ്ട് തവണ കടനാട് പഞ്ചായത്ത് അംഗം ആയിരുന്നു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ജിജി.
മുൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷയും മുൻ കടനാട് സഹകരണ ബാങ്ക് ബോർഡ് അംഗവുമായിരുന്നു. വനിതാ കോൺഗ്രസ് ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ കൂടി പ്രവർത്തിച്ചുവരുന്നു. ധാരണ പ്രകാരം എൽ.ഡി.എഫിലെ ഉഷാ രാജു രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പു നടന്നത്.
ജിജി തമ്പിക്ക് 9 വോട്ടും യു.ഡി.എഫിലെ റീത്താ ജോർജിന് 5 വോട്ടും ലഭിച്ചു. കടനാട് പഞ്ചായത്ത് ഒന്നാം വാർഡ് മാനത്തൂരിൽ നിന്നാണ് ജിജി പഞ്ചായത്ത് അംഗമായത്. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജിജി തമ്പിക്ക് എൽ.ഡി.എഫ് നേതൃത്വത്തിൽ സ്വീകരണം നൽകി.
എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു, നിർമ്മല ജിമ്മി, ജോയി ജോർജ്, ജോയി വടശ്ശേരി, പെണ്ണമ്മ ജോസഫ്, റാണി ജോസ്, രമേശ് വെട്ടിമറ്റം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മത്തച്ചൻ ഉറുമ്പുകാട്ട്, കെ.എസ്.സെബാസ്റ്റ്യൻ, മാത്തുക്കുട്ടി കുഴിഞ്ഞാലി, ബെന്നി ഈരൂരിക്കൽ, സെബാസ്റ്യൻ കട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.