പാലാ: കെ.എം.മാണിയുടെ പാലാമണ്ഡലത്തിൻ്റെ അതിർത്തി പങ്കിടുന്ന പുതുപ്പളളി മണ്ഡലത്തിൻ്റെ നേതാവിന് എന്നും പാലായിലേക്ക് ക്ഷണമുണ്ടായിരുന്നു. കെ.എം.മാണിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം നിരവധി തവണ പാലായിലേക്ക് ഓടി എത്തുകയും ചെയ്തിരുന്നു.
കെ.എം.മാണി പാലായിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് തുറന്നുകൊടുക്കുവാൻ ഭാഗ്യം കിട്ടിയത് കൂടുതലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കായിരുന്നു. പാലാ ജനറൽ ആശുപത്രി ഉദ്ഘാടനം ചെയ്തതും, കെ.എം.മാണി ബൈപാസിൻ്റെ ഒന്നാം ഘട്ടം കിഴതടിയൂർ ജoഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള റോഡ് തുറന്നുകൊടുത്തതും ഉമ്മൻ ചാണ്ടിയാണ്.
പാലായിൽ സ്ഥാപിതമായ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനമായ വലവൂരിലെ ട്രിപ്പിൾ ഐടിക്ക് തറക്കല്ലിട്ടതും കെ.എം.മാണിയുടെ നിയമസഭാംഗത്വ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് കൊട്ടാരമറ്റത്ത് മുനിസിപ്പൽ ബസ് സ്റ്റേഷൻ മന്ദിരം ഉദ്ഘാടനം ചെയ്തതും ഉമ്മൻ ചാണ്ടിയാണ്.
ഉഴവൂരിൽ കെ.ആർ.നാരായണൻ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ചതും ഉമ്മൻ ചാണ്ടിയാണ്. മീനച്ചിലിൻ്റെ ചിരകാലാഭിലാഷമായ മീനച്ചിൽ റിവർ വാലി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ പ്രക്ഷോഭത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുവാനും ഉമ്മൻ ചാണ്ടി പാലായിൽ എത്തി.
കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം റാലി ഉദ്ഘാടനം ചെയ്യുവാനും ഒരിക്കൽ ഉമ്മൻ ചാണ്ടി വന്നിരുന്നു. നിരവധി പൊതു പരിപാടികളുടെ ഭാഗമായും പാർട്ടി യോഗങ്ങളുടേയും തെരഞ്ഞെടുപ്പ് യോഗങ്ങളുടെയും ഭാഗമായും അദ്ദേഹം പാലായിൽ എത്തിയിട്ടുള്ളത് പൊതുപ്രവർത്തകനും കേരള കോൺ' (എം) മീഡിയാ സെൽ കൺവീനറുമായ ജയ്സൺമാന്തോട്ടം അനുസ്മരിച്ചു.