പാലാ: 1999 ൽ മരിയസദനത്തിൽ എത്തുമ്പോൾ മാരേശ്വരി രണ്ടുമാസം ഗർഭിണിയായിരുന്നു. അച്ഛനും അമ്മയും നാലു മക്കളും അടങ്ങിയ സന്തുഷ്ട കുടുംബം ആയിരുന്നു മാരേശ്വരിയുടെത്. മാരേശ്വരിക്ക് 13 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പിന്നീട് മാനസിക അസ്വസ്ഥതകൾ പ്രകടമാക്കിയ മാരേശ്വരിയെ ബൈജു കൊല്ലംപറമ്പിലിന്റെ ഭാര്യ പിതാവ് ഹോളിക്രോസ് സഭയിലെ ദയ സിസ്റ്ററുടെ സഹായത്തോടെയാണ് മരിയസദനത്തിൽ എത്തിച്ചത്.
പിന്നീട് പ്രസവ ശുശ്രൂഷകൾക്കായി എറണാകുളത്തെ നിർമ്മല ഭവൻ എന്ന സ്ഥാപനത്തിലേക്ക് മാരേശ്വരിയെ മാറ്റുകയായിരുന്നു. പത്തുമാസത്തോളം മാരേശ്വരി തന്റെ ആൺകുഞ്ഞിനോട് ഒപ്പം ചിലവഴിച്ചാണ് മരിയസദനത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നിർമലഭവനിൽ നിന്നും കുഞ്ഞിനെ കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ദത്തെടുക്കുകയായിരുന്നു.
ചികിത്സയുടെ കാലഘട്ടങ്ങളിൽ എല്ലാം മാരേശ്വരി തന്റെ കുഞ്ഞിനെ കാണാൻ സാധിക്കാത്തതിന്റെ നൊമ്പരത്തിലായിരുന്നു കഴിഞ്ഞിരുന്നത്. മാരേശ്വരിയുടെ ഈ വേദനയാണ് ഇത്തരത്തിൽ ചികിത്സ വേണ്ടി വന്ന അമ്മമാരുടെ മക്കളെ ഇവിടെ തന്നെ പാർപ്പിച്ചുകൊണ്ട് അവരെ എന്നും കാണാനും സ്നേഹിക്കുവാനുമുള്ള ഓരോ അമ്മയുടെയും അവകാശത്തെ സംരക്ഷിക്കുവാൻ സന്തോഷിനും മിനിക്കും പ്രചോദനമായത്.
28 മക്കൾ ഇന്ന് അങ്ങനെ CWC യുടെ കീഴിൽ പ്രവർത്തിക്കുന്ന ലിസ്യുസദനത്തിൽ സംരക്ഷിച്ചു പോരുന്നു. മാരേശ്വരി തന്റെ സഹോദരനോടൊപ്പം സ്വന്തം ഭവനത്തിലേക്ക് യാത്രയാവുകയാണ്.
മരിയ സദനത്തെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബാംഗം തന്നെയാണ് വീടുവിട്ട് പോകുന്നതെങ്കിലും മാരേശ്വരിയുടെ സന്തോഷം കാണുമ്പോൾ സാധാരണ ജീവിതത്തിലേക്ക് ഒരു വ്യക്തിയെ കൂടി മടക്കിക്കൊണ്ടു വരുവാൻ സാധ്യമായതിന്റെ സന്തോഷത്തിലാണ് സന്തോഷും മിനിയും.