രാജ്യത്തെ എല്ലാ പഞ്ചായത്തിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വരുന്നു. എല്ലാ പഞ്ചായത്തുകളിലും ഓട്ടമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
കൃഷിമേഖലയെ കാലാവസ്ഥാ മാറ്റം വലിയ തോതിൽ ബാധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നീക്കം. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിക്ക് (പിഎംഎഫ്ബിവൈ – പ്രധാനമന്ത്രി ഫസൽ ബീമാ യോജന) കീഴിലാണു പ്രാദേശിക കാലാവസ്ഥാ മാപിനികൾ സ്ഥാപിക്കുന്നത്.
ഇതിലൂടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർക്ക് സഹായകമാവും. ആദ്യഘട്ടത്തിൽ രാജ്യത്തെ 1.75 ലക്ഷം പഞ്ചായത്തുകളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഇതിന് വേണ്ട സ്ഥലവും അനുബന്ധ സൗകര്യങ്ങളും സംസ്ഥാനങ്ങൾ നൽകണം.
കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിനൊപ്പം സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളെയും പദ്ധതിയിൽ പങ്കാളികളാക്കും. വർഷം 300 കോടി രൂപ ഇതിനു ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.