ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ എട്ട് മാസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി. വിചാരണ നടപടികൾ പൂർത്തിയാക്കുന്നതിന് 2024 മാർച്ച് 31 വരെ സമയം അനുവദിക്കണെമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വിസ്താരം പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം അനുവദിച്ചത്.
ഇനിയും ആറ് സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചതെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ കത്തിലൂടെ അറിയിച്ചു. വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആരോപിച്ചു.