തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എ.ഐ. ക്യാമറകളില്‍ എം.പിമാരും എം.എല്‍.എമാരും അടക്കമുള്ള വിഐപികളും കുടുങ്ങി. ഇവര്‍ക്കെല്ലാം മോട്ടാര്‍ വാഹനവകുപ്പ് ചലാന്‍ അയച്ചിട്ടുമുണ്ട്.
എ.ഐ. ക്യാമറകളുടെ അവലോകനയോഗം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്നിരുന്നു. ഒരു മാസത്തിനിടെ 19 എം.എല്‍.എമാരും പത്ത് എം.പിമാരും എ.ഐ. ക്യാമറയില്‍ കുടുങ്ങിയതായി യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.
ക്യാമറയിൽ കുടുങ്ങിയ എം.പിമാരുടെയും എം.എല്‍.എമാരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഒരു എം.പി. തന്നെ ആറു തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഒരു എം.എല്‍.എ. തന്നെ ഏഴുവട്ടം ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത വേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് എം.എല്‍.എമാര്‍ക്കും എംപിമാര്‍ക്കുമെതിരേ കണ്ടെത്തിയിട്ടുള്ളത്.
ബുധനാഴ്ചവരെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയത് 32,42,277 നിയമലംഘനങ്ങളാണ്. ഇതില്‍ 15,83,367 എണ്ണം പരിശോധിച്ചു. 3,82,580 പേര്‍ക്ക് ഇ ചലാന്‍ ജനറേറ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനത്തിന് ചലാന്‍ അയച്ചത് 3,23,604 പേര്‍ക്കാണ്.
328 സര്‍ക്കാര്‍ വാഹനങ്ങളും ഗതാഗത നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എ.ഐ. ക്യാമറകള്‍ വന്നതിനു ശേഷം വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.