ആലുവ: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന
തരത്തിൽ ആലുവയിൽ നടന്ന പിഞ്ചുബാലികയുടെ കൊലപാതകത്തിൽ മദ്യ-ലഹരി വിരുദ്ധ സംയുക്ത കോ-ഓർഡിനേഷന്റെ നേതൃത്വത്തിൽ പ്രാർത്ഥന സദസ് നടത്തി. കേരള മദ്യ വിരുദ്ധ എകോപന സമിതി ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ബോധവൽക്കരണത്തോടെപ്പം മദ്യശാലകൾ സംസ്ഥാനത്ത് യഥേഷ്ടം കൊണ്ട് വരുന്ന തീരുമാനങ്ങളിൽ നിന്ന് സർക്കാർസ്വയം പിൻമാറണം. കുഞ്ഞുങ്ങളെ പുറത്ത് വിടാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്ന തരത്തിലുള്ളൊരു അരക്ഷിത്വത്വം സംസ്ഥാനത്തുണ്ട്.
മദ്യം, മയക്കുമരുന്ന് മാഫിയകളുടെ കൈയിൽ പിടയുകയാണ് സംസ്ഥാനം.ആലുവയിലെ അഞ്ച് വയസുകാരിയും, കൊട്ടാരക്കരയിൽ ഡോ. വന്ദനയും, മൂവ്വാറ്റുപുഴയിലെ വിദ്യാർത്ഥിനിയും ഉൾപ്പെടെ മൂന്ന് പെൺകുട്ടികളാണ് അടുത്തയിടെ മയക്കുമരുന്നിന്റെ ഇരകളായി മാറിയത്. ഇത്തരം സംഭവങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെ നോക്കി കാണണമെന്നും മദ്യ- ലഹരിവിരുദ്ധ കോ-ഓർഡിനേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു. പ്രസാദ് കുരുവിള, പി.എച്ച് ഷാജഹാൻ, ഹിൽട്ടൺ ചാൾസ് ഷൈബി പാപ്പച്ചൻ, കെ.കെ. വാമലോചനൻ സാബു ജോസ്, ജെസി ഷാജി, കുരുവിള മാത്യൂസ്, ജോൺസൺ പാട്ടത്തിൽ, ഏലൂർ ഗോപിനാഥ്, ജെയിംസ് കോറമ്പേൽ എന്നിവർ പ്രസംഗിച്ചു.