ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3. റോവര്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ സള്‍ഫര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
മണ്ണില്‍ നേരിട്ടെത്തിയുള്ള പരീക്ഷണത്തില്‍ ആദ്യമായാണ് സള്‍ഫര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. അലുമിനിയം, കാല്‍സ്യം, ക്രോമിയം, ഇരുമ്ബ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൈഡ്രജൻ ഉണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഐഎസ്‌ആര്‍ഒ എക്സ് പ്ലാറ്റ്ഫോമില്‍ (ട്വിറ്റര്‍) കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
ദൗത്യത്തിലെ വിക്രം ലാൻഡറില്‍നിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിലുള്ള ലേസര്‍ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്പെക്‌ട്രോസ്കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
'ലിബ്സി'നു പുറമെ ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ്റേ സ്പെക്‌ട്രോമീറ്റര്‍ (എപിഎക്സ്‌എസ്) എന്ന ശാസ്ത്രീയ ഉപകരണവും റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്‌എസ് പരിശോധിക്കുക. ഈ ഉപകരണങ്ങള്‍ (പേലോഡ്) കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
സ്വയം വിലയിരുത്തിയതും റോവറില്‍ നിന്നുള്ളതുമായ വിവരങ്ങള്‍ വിക്രം ലാൻഡര്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ബെംഗളൂരു ബയലാലുവിലെ ഡീപ് സ്പേസ് നെറ്റ്‍വര്‍ക്ക് ആന്റിനകളിലേക്കാണ് കൈമാറുന്നത്. നേരിട്ട് വിവരം കൈമാറാൻ വിക്രമിന് ശേഷിയുണ്ട്. തുടര്‍ന്ന് ബെംഗളൂരുവിലെ ഇസ്ട്രാക് കണ്‍ട്രോള്‍ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാല്‍ ചന്ദ്രയാൻ 2 ഓര്‍ബിറ്റര്‍ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്.
ഓഗസ്റ്റ് 23 നാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍3, ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. വിവിധ പഠനങ്ങള്‍ നടത്താന്‍ റോവറില്‍ രണ്ടും ലാന്‍ഡറില്‍ നാലും പേലോഡുകളുണ്ട്. ഇവ നല്‍കുന്ന വിവരം ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് വഴി ഐഎസ്ആര്‍ഒയ്ക്ക് ലഭിക്കും. ഇത് വിശദമായ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കും.