പാലക്കാട്: ധോണിയില്‍ പിടികൂടിയ കൊമ്പന്‍ പി.ടി. സെവന് ശസ്ത്രക്രിയ നടത്താനൊരുങ്ങി വനംവകുപ്പ്. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ഉടന്‍ ചുമതലപ്പെടുത്തും.
രണ്ടാഴ്ചയ്ക്കുളളില്‍ ശസ്ത്രക്രിയയ്ക്കു വേണ്ട നടപടിക്രമങ്ങള്‍ നടത്തിയേക്കും. ആനയെ കൂട്ടില്‍ നിന്ന് ഇറക്കിയ ശേഷം മയക്കം നല്‍കിയ ശേഷമാകും കണ്ണിന് ശസ്ത്രക്രിയ ചെയ്യുക.
വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ആനയെ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.
പരിശോധനയിൽ ആനയുടെ കാലിൽ നീര് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂട്ടിൽ നിന്ന് പുറത്തിറക്കി ചികിത്സ നൽകാൻ കഴിയാത്തതിനാലാണ് ശസ്ത്രക്രിയ തത്കാലം നീട്ടിവെച്ചത്.
കൂട്ടിനുള്ളില്‍ വെച്ച് ചികിത്സ നല്‍കുക എന്നത് പ്രായോഗികമല്ലായെന്ന് നേരത്തെ ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. കൂട്ടില്‍ നിന്ന് പുറത്തിറക്കിയാല്‍ മാത്രമേ കാഴ്ച വീണ്ടെടുക്കാന്‍ തക്ക ചികിത്സ നല്‍കാന്‍ കഴിയൂ. ഇപ്പോള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വരികയാണ്.