കൊച്ചി: ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാരൂടെ ആനുകൂല്യങ്ങൾ ആറു മാസത്തിനകം സ്ഥാപനത്തിന്റെ ആസ്തി ജപ്തി ചെയ്തു വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആനൂകൂല്യങ്ങൾ ലഭിക്കാതെ വന്നതിന് എതിരെ 36 ജീവനക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥൻ വിധി പ്രഖ്യാപിച്ചത്.
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാതിരുന്നതിനെതിരെ 36 ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം ജീവനക്കാർ ലേബർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, ലേബർ കോടതി കമ്പനിയോട് ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ പലിശ സഹിതം നൽകണമെന്ന് വിധിച്ചിരുന്നു.
എന്നാൽ, കോടതി അനുവദിച്ച കാലയളവിനുള്ളിൽ ആനുകൂല്യങ്ങൾ നൽകാതെ വന്നതോടെ കോടതി ട്രാവൻകൂർ സിമന്റ്‌സിന്റെ ആസ്ഥി ജപ്തി ചെയ്തു ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ ലേബർ കോടതി വിധിക്കുകയായിരുന്നു.
എന്നാൽ, ഈ കോടതി വിധി വന്നിട്ടും കമ്പനി ആനുകൂല്യങ്ങൾ നൽകാൻ തയ്യാറായില്ല. ഇതിനെതിരെയാണ് റിട്ടയേഡ് ജീവനക്കാരായ 36 പേർ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് അടിയന്തിരമായി ജപ്തി നടപടികൾ പൂർത്തിയാക്കി ആറു മാസത്തിനകം തുക നൽകാൻ ഇപ്പോൾ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
110 ഓളം ജീവനക്കാർ ആണ് റിട്ടയർ ചെയ്തിട്ട് ഗ്രാറ്റുവിറ്റി പി എഫ് ലഭിക്കാതെ നിലവിലുള്ളത്. അതിൽ 45 പേരുടെ കേസ് കൂടി ലേബർ കോടതി പരിഗണിച്ചു വരുന്നു. കാലാകാലങ്ങളിൽ കൊടുത്ത തീർക്കാമായിരുന്ന ഈ തുക ലഭിക്കാതെ പോയത് മാനേജ്മെന്റിന്റെ പിടിവാശി മൂലമാണെന്ന് റിട്ടയേഡ് അസോസിയേഷൻ ഭാരവാഹികളായ പി സനൽകുമാർ, എം ആർ ജോഷി എന്നിവർ പറഞ്ഞു.