പാലക്കാട്: ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പോലീസ് ആളുമാറി എണ്‍പത്തിനാലുകാരിയെ അറസ്റ്റുചെയ്തു. വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് അറസ്റ്റ്. സാക്ഷി വിസ്താരത്തിലാണ് പ്രതി മാറിയ വിവരമറിയുന്നത്. പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് ഇത്തരത്തില്‍ ഒരു അബദ്ധം സംഭവിച്ചത്.
1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാൽ എന്നയാളുടെ വീട്ടുജോലിക്കാരിയായിരുന്നു ഭാരതി എന്ന സ്ത്രീ. ഈ സ്ത്രീ വീട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും ഇവിടുത്തെ ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പൊലീസ് ഭാരതിക്കെതിരെ കേസെടുത്തു, അറസ്റ്റ് ചെയ്തു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങുകയും മുങ്ങുകയും ചെയ്തു. ഇവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
അന്നു പ്രതി നല്‍കിയ ഭാരതിയമ്മ, വടക്കേത്തറ, മഠത്തില്‍വീട്, കുനിശ്ശേരി എന്ന വിലാസത്തിലാണ് സമന്‍സയക്കേണ്ടിയിരുന്നതെങ്കിലും പോലീസ് വിലാസം തെറ്റായി അയച്ചു. പിന്നാലെ ഈ വീട്ടിലെത്തി അമ്മൂമ്മയ്‌ക്കെതിരേ കേസുണ്ടെന്നും സ്‌റ്റേഷനില്‍ ഹാജരാകണമെന്നും പോലീസ് അറിയിച്ചു. ഇതോടെ ഇവര്‍ കോടതിയില്‍ ഹാജരാവുകയും ജാമ്യം നേടുകയും ചെയ്തു.
നിരപരാധിത്വം തെളിയിക്കാനായി ഭാരതിയമ്മ തന്നെയാണ് ഒടുവില്‍ കേസിലെ പരാതിക്കാരെ കണ്ടെത്തുകയും കോടതിയില്‍ വിളിച്ചുവരുത്തുകയും ചെയ്തത്. ഇവരല്ല തങ്ങളുടെ വീട്ടില്‍ ജോലിക്കു വന്നിരുന്നയാളെന്ന് പരാതിക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം 98-ലെ ആ കേസുമായി ഇനി മുന്നോട്ടുപോവാന്‍ താത്പര്യമില്ലെന്നും പരാതിക്കാര്‍ കോടതിയെ അറിയിച്ചു. 98-ല്‍ ഈ കേസുണ്ടായിരുന്നപ്പോഴുള്ള ആള്‍ നിലവില്‍ ജീവിച്ചിരിപ്പില്ല.