ഇത് ചില്ലറവിപണിയില്‍ കാര്യമായി പ്രതിഫലിച്ചുതുടങ്ങിയിട്ടില്ല. മൊത്തവിപണിയില്‍ ജയ അരിയ്ക്ക് 38-42 രൂപയാണ് വില. സുരേഖ കിലോയ്ക്ക് 42-48 രൂപയും മട്ടയരിക്ക് 52 രൂപവരെയും വിലയുണ്ട്. കുറുവ അരിയ്ക്ക് 40 രൂപവരെയാണ് മൊത്തവിപണിയിലെ വില.
ജയ അരിയ്ക്ക് ചില്ലറവില്പന വില 54 രൂപവരെയായിട്ടുണ്ട്. സുരേഖ അരിയുടെ വില 52 രൂപയായി ഉയര്‍ന്നു. പൊന്നിക്ക് 38-47 രൂപയായി. മട്ടയരിക്ക് 56 രൂപവരെയും കുറുവയ്ക്ക് 39-45 രൂപവരെയുമായി ഉയര്‍ന്നിട്ടുണ്ട്. ചില്ലറവിപണിയില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ പച്ചരിവില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഒരുമാസം കൊണ്ട് പച്ചരിവില 32 രൂപയില്‍നിന്ന് 45 രൂപവരെയായി ഉയര്‍ന്നു.
ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുന്നതിനും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും ബസ്മതി ഇതര വെള്ളയരിയുടെ കയറ്റുമതി ഇന്ത്യ നിര്‍ത്തലാക്കിയിരുന്നു. ഈ നടപടി വില കുറയ്ക്കാന്‍ സഹായിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരികളില്‍ ചിലര്‍ പറഞ്ഞു. ആന്ധ്രയില്‍നിന്നടക്കം ഓഡറുകള്‍ എടുക്കാത്ത സ്ഥിതിയുണ്ടെന്ന് മൊത്തവിപണിയില്‍നിന്നുള്ള കച്ചവടക്കാര്‍ പറയുന്നു.
ഉഴുന്നുപരിപ്പ്, കടല, കടലപ്പരിപ്പ്, തുവരപ്പരിപ്പ്, ചെറുപയര്‍ തുടങ്ങി എല്ലാത്തിനും തീവിലയാണ്. 30 ശതമാനം വരെയാണ് ഈ വിഭാഗത്തില്‍ കഴിഞ്ഞ ഒരുമാസം കൊണ്ടുണ്ടായ വിലക്കയറ്റം. കടലപ്പരിപ്പിന് കിലോയ്ക്ക് 80-85 രൂപയില്‍നിന്ന് 100 രൂപയായി വിലകൂടി. ഉഴുന്നുപരിപ്പിന്റെ വില 140 രൂപയായി. ജീരകം, കശ്മീരി മുളക്, മഞ്ഞള്‍ എന്നിവയ്ക്കും തീവിലയാണ്.
പച്ചക്കറി വില പൊള്ളിത്തുടങ്ങിയിട്ട് കുറച്ചു നാളുകളായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ കനത്തതോടെ കുതിച്ചുയര്‍ന്ന പച്ചക്കറിവില ഇപ്പോഴും ഉയരത്തില്‍ തന്നെയാണ്. തക്കാളി കിലോയ്ക്ക് 110-130 രൂപയാണ്. ചെറിയ ഉള്ളി വില 100-110 വരെയും. പച്ചമുളകിന് 80-90 രൂപയും ഇഞ്ചിയ്ക്ക് 250 രൂപയുമാണ് വില. ബീന്‍സ് 60-70 രൂപയും കാരറ്റിന് 50-60 രൂപയുമാണ്.