തിരുവനന്തപുരം: ശബരിമല അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പാരിസ്ഥിതികാഘാത പഠനം നടത്തിയ റിപ്പോര്‍ട്ട് വിലയിരുത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമിതിയുടെ ശുപാര്‍ശ പ്രകാരം 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളില്‍ ഉള്‍പ്പെട്ട 2570 ഏക്കര്‍ ഭൂമി വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി. ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനം നടത്തുന്നതിനായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനെ ചുമതലപ്പെടുത്തിയിരുന്നു.
ഈ പഠനം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നല്ല രീതിയിലുള്ള ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്. പിന്നീട് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാല്‍ ആ ഘട്ടത്തില്‍ പരിഹാരം കാണാവുന്നതാണ്.'-മുഖ്യമന്ത്രി പറഞ്ഞു.