കോട്ടയം: കേരള കോൺഗ്രസ് (എം) ആസ്ഥാനം മന്ദിരം സ്ഥിതിചെയ്യുന്ന കോട്ടയം നിയോജകമണ്ഡലത്തിൽ കേരള യൂത്ത് ഫ്രണ്ട് (എം) നെ രൂബേഷ് ബേബി പെരുമ്പള്ളിപറമ്പിലും അനന്തു പി ജയനും നയിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ മെമ്പർഷിപ്പോടുകൂടിയാണ് കോട്ടയം നിയോജകമണ്ഡലത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തീകരിച്ചത്.
പാർട്ടിയോടൊപ്പം അടിയുറച്ചു നിന്ന കേരള കോൺസ് സ്ഥാപക നേതാവ് പിസി ജേക്കബ് പെരുമ്പള്ളിപറമ്പിലിന്റെ കൊച്ചു മകനാണ് രൂബേഷ് ബേബി.
കുമാരനല്ലൂർ മണ്ഡലം യൂത്ത് ഫ്രണ്ട് (എം) പ്രസിഡണ്ടായി 6 വർഷത്തെ സംഘടന പരിചയം ഉണ്ട് രൂബേഷിന്.യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ, ജില്ലാ കമ്മിറ്റിയംഗം, കേരളാ കോൺഗ്രസ് (എം) കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി അംഗം തുടങ്ങി സംഘടന കരുത്തുമുണ്ട്.
കോട്ടയം ക്നാനായ യാക്കോബായ വലിയപള്ളി മാനേജിംഗ് കമ്മിറ്റി അംഗം, ക്നാനായ അസോസിയേഷൻ മെമ്പർ, ക്നാനായ കോൺഗ്രസ് ചിങ്ങവനം മേഖല ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ സാമുദായിക രംഗത്തും ശ്രദ്ധേയനാണ്.
നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനന്തു പി ജയൻ മികച്ച യുവജന സംഘടന പ്രവർത്തകനാണ്. കോളേജിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തി. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം കെഎം മാണിയുടെ കാരുണ്യ പ്രവർത്തനത്തിൽ ആകൃഷ്ടനായി കേരള കോൺഗ്രസ് (എം) പാർട്ടിയിലെത്തി.
യൂത്ത്ഫ്രണ്ട് (എം) കോട്ടയം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, വെസ്റ്റ് മണ്ഡലം സെക്രട്ടറി, നിയോജകമണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ, എസ്എൻഡിപി യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി തുടങ്ങിയ വിപുലമായ സംഘടനാ പരിചയവുമുണ്ട്.
മഹാമാരി കാലത്ത് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ "കോവിഡ് വണ്ടി " യുടെ ക്യാപ്റ്റനായി നടത്തിയ സന്നദ്ധ പ്രവർത്തനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.