കോട്ടയം: കർഷകരുടെ പതിറ്റാണ്ടുകളായ ആവശ്യം പരിഹരിക്കുന്നതിനായി ഭൂപതിവ് നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ യു ഡി എഫ് എംഎൽഎമാർ കൂട്ടത്തോടെ വിട്ടു നിന്നതിന് നേതൃത്വം കർഷക ജനതയോട് മാപ്പ് പറയണമെന്ന് കേരള കോൺഗ്രസ് (എം). കേരളാ കോൺഗ്രസ് (എം) ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോൾ എൽ ഡി എഫ് ഗവൺമെൻറ് സാക്ഷാത്കരിക്കുന്നത്.
കുടിയേറ്റ കർഷകരുടെ ചിരകാലാഭിലാഷമായ ബില്ല് സഭയിൽ അവതരിപ്പിക്കുമ്പോൾ അതിൽ പങ്കെടുക്കുകയും ഭേദഗതികൾ ആവശ്യമെങ്കിൽ ഉന്നയിക്കുകയും, പുതിയ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യേണ്ടതിനു പകരം ഇതര വിഷയങ്ങൾ കുത്തിപ്പൊക്കി ബില്ലിനെ തടസ്സപ്പെടുത്തുവാനാണ് യു ഡി എഫ് എം എൽ എ ശ്രമിച്ചത്.കേരളത്തിലെയും പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെയും കുടിയേറ്റ കർഷകർക്ക് പ്രതികൂലമായ നിലപാടുകൾ സ്വീകരിച്ചത് കോൺഗ്രസ് മന്ത്രിമാർ റവന്യൂ വകുപ്പ് ഭരിച്ചുകൊണ്ടിരുന്ന കാലഘട്ടങ്ങളിലാണ്.
പരിതസ്ഥിതിയുടെ പേര് പറഞ്ഞ് കോൺഗ്രസിലെ ഹരിത എം എൽ എമാർ കൈക്കൊണ്ട നിലപാടുകൾ കുടിയേറ്റ കർഷകർക്കേറ്റ ഇരുട്ടടിയായിരുന്നു.ഈ ബില്ലിന് സർവ്വാത്മനാ പിന്തുണ നൽകേണ്ടതിനു പകരം നിയമസഭയിൽ നിന്ന് വിട്ടുനിന്നത് കർഷകരെ അപമാനിക്കുന്നതിന് തുല്യമാണ്.
കർഷക പ്രേമം നടിക്കുന്ന യുഡിഎഫിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉന്നതാധികാര സമതിയംഗം വിജി എം തോമസ്, സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല, ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ, പി സി കുര്യൻ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, രാജു ആലപ്പാട്ട്, സോണി മൈക്കിൾ , ജോജി കുറത്തിയാടൻ എന്നിവർ പ്രസംഗിച്ചു.