പുതുപ്പള്ളി നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയെ ഈ മാസം 12-ാം തീയതി പ്രഖ്യാപിക്കും. 16-ാം തീയതി രാവിലെ നോമിനേഷന്‍ ആര്‍.ഡി.ഒ മുമ്പാകെനല്‍കും. അന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വിപുലമായ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ മണര്‍കാട് വെച്ച് നടക്കും.
17-ാം തീയതി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത്തല കണ്‍വെന്‍ഷന്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ കണ്‍വീനര്‍ പ്രൊഫ.ലോപ്പസ് മാത്യു അറിയിച്ചു.
തിരുവോണം, അയ്യന്‍ങ്കാളി ദിനം, ശ്രീനാരായണഗുരു ജയന്തി, മണര്‍കാട് പള്ളിയിലെ നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്ന എട്ടുനോട്ട് ആചരണം തുടങ്ങി ജനങ്ങള്‍ക്ക് തികച്ചും അസൗകര്യമുള്ള സമയത്താണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി മരിക്കുന്നതിന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്‌പോലും വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം കണക്കിലെടുത്ത് രണ്ടാഴ്ച എങ്കിലും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനവും നല്‍കിയിട്ടുണ്ട്.
ജില്ലാ യോഗത്തില്‍ വി.ബി ബിനു അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍ വാസവന്‍, പ്രൊഫ.ലോപ്പസ് മാത്യു, എ.വി റസ്സല്‍, ബെന്നി മൈലാടൂര്‍, ബിനോയ് ജോസഫ്, മോഹനന്‍ ചേന്നമംഗലം, കെ.അനില്‍കുമാര്‍, ജോസഫ് ചാമക്കാല, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, മാത്യൂസ് ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, സാജന്‍ ആലക്കുളം, പോള്‍സണ്‍ പീറ്റര്‍, കെ.എസ് സിദ്ദീഖ്, ബോബന്‍ തെക്കേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.