തിരുവനന്തപുരം: ഈ മാസം 7ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധമുണ്ടായാൽ അതടക്കം സഭാ ടിവി വഴി കാണിക്കുമെന്നും അതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ട കാര്യം വളരെ ഗൗരവത്തോടെ പരിഗണിക്കും. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉൾപ്പെടെ സഭയ്ക്കകത്തു നടക്കുന്ന കാര്യങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന തരത്തിൽ ക്രമീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
പ്രധാനമായും നിയമ നിർമാണത്തിനായുള്ള സമ്മേളനം ആകെ 12 ദിവസം ചേരും. 24ന് അവസാനിക്കും. 7ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻ സ്പീക്കർ വക്കം പുരുഷോത്തമന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും.
മറ്റു ദിവസങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകൾ ഏതൊക്കെയാണെന്ന് 7ന് ചേരുന്ന കാര്യോപദേശക സമിതി ശുപാർശ ചെയ്യുമെന്നും സ്പീക്കർ പറഞ്ഞു.