പത്തനംതിട്ട: ക്ഷേത്രങ്ങളിൽ നിറപുത്തരി ചടങ്ങുകൾ ഈ മാസം 10ന് നടക്കാനിരിക്കെ കതിർക്കുലകൾ കറ്റകളാക്കി സമർപ്പിക്കാൻ കർഷകർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിധിയിലുള്ള ക്ഷേത്രങ്ങളിലെല്ലാം 10നാണ് നിറപുത്തരി ഉത്സവം. ഇതിന്റെ ഭാഗമായി പുലർച്ചെ കതിർക്കറ്റകൾ ശ്രീകോലിൽ പൂജിച്ച ശേഷം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.
ശബരിമല അയ്യപ്പ ക്ഷേത്രനട നിറപുത്തരി ഉത്സവത്തിനായി ഒൻപതിന് വൈകിട്ട് അഞ്ചിന് തുറക്കും.10ന് പുലർച്ചെ 5:45നും 6:15നും മധ്യേയാണ് ചടങ്ങുകൾ. തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ തുടങ്ങിയവർ കാർമികത്വം വഹിക്കും. ആചാരപ്രകാരം കവടിയാർ കൊട്ടാരത്തിൽനിന്നു നൽകുന്ന മുഹൂർത്തത്തിലാണ് നിറപുത്തരി പൂജ.
ശബരിമലയിലേക്ക് കറ്റകൾ ശേഖരിക്കുന്നതിനായി ആറന്മുളയിൽ ദേവസ്വം ബോർഡ് നെൽകൃഷി നടത്തുന്നുണ്ട്. ഇതിന് പുറമെ പാലക്കാട്, ചെട്ടികുളങ്ങര, അച്ചൻകോവിൽ എന്നിവിടങ്ങളിൽനിന്നും കറ്റകൾ എത്തിക്കും.
ക്ഷേത്രങ്ങളിലേക്ക് കതിർക്കുലകൾ നൽകുന്നതിനായി ആറന്മുള ഇടയാറമുള ചെറുപഴക്കാട്ട് ദേവീക്ഷേത്രത്തിന്റെ ഒരേക്കർ സ്ഥലത്തു വിവിധ ഇനത്തിലുള്ള ജൈവ നെൽകൃഷിക്ക് തുടക്കം കുറിച്ചിരുന്നു.
ഇവിടെ കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. ദേവീക്ഷേത്രത്തിന്റെ, 10 വർഷമായി തരിശുകിടന്ന ഒരേക്കർ സ്ഥലമാണ് നെൽകൃഷിക്ക് വിട്ടുനൽകിയിരിക്കുന്നത്. ജൈവ നെൽകൃഷി സമ്പ്രദായത്തിൽ ഹൈബ്രിഡ് നെൽവിത്തുകളായ മനുരഗ്ന, സൗഭാഗ്യ, കാഞ്ചന, ജ്യോതി, ഉമ എന്നിവയാണ് വിതച്ചിട്ടുള്ളത്.