representative image
അമിതമായി മോടി പിടിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങളുമായി സ്‌കൂളുകളിലും കോളേജുകളിലുമെത്തുന്ന കുട്ടികളും ഇവര്‍ നടത്തുന്ന വാഹനാഭ്യാസങ്ങളുമെല്ലാം പല തവണ സാമൂഹിക മാധ്യമങ്ങളിലുടെ പുറംലോകം കണ്ടിട്ടുള്ളതും മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടി സ്വീകരിച്ചിട്ടുള്ളതുമാണ്.
എന്നാല്‍, ഈ വര്‍ഷം ഇത്തരം ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വാഹനമുപയോഗിച്ചുള്ള അഭ്യാസങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.രാജീവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓണാഘോഷ പരിപാടികൾക്കായി ലൈസന്‍സ് പോലുമില്ലാത്ത കുട്ടികള്‍ വാഹനങ്ങളുമായി സ്‌കൂളിലും കോളേജിലുമെല്ലാം എത്താറുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസങ്ങളാണ് നടക്കാറുള്ളത്.
ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍ തുടങ്ങിയ വാഹനങ്ങള്‍ ഉപയോഗിച്ച് പൊതുനിരത്തുകളിലും കോളേജ് വളപ്പിലും റാലികള്‍ സര്‍വ്വ സാധാരണമാണ്. പൊതുനിരത്തുകളില്‍ ആഘോഷത്തിന്റെ ഭാഗമായി റേസുകളും നടത്താറുണ്ട്. എന്നാല്‍, ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വാഹനങ്ങള്‍ക്കും വാഹന ഉടമകള്‍ക്കുമെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.