തിരുവോണം മുറ്റം വരെ എത്തി നിൽക്കെ ഒരുക്കങ്ങൾക്കായുള്ള ഓട്ടത്തിലാണ് മലയാളികൾ. സദ്യവട്ടത്തിനായുള്ള പച്ചക്കറികളും മറ്റും വാങ്ങുന്നതിനും ഇതുവരെ ഓണക്കോടി വാങ്ങാത്തവർ അത് എടുക്കുന്നതിനുമുള്ള അവസാനവട്ട ഒരുക്കത്തിലാണിപ്പോൾ.
പൂവിപണികൾ അത്തം മുതൽ തന്നെ സജീവമാണ്. വിദ്യാലയങ്ങളിലെയും ഓഫീസുകളിലെയും ഓണാഘോഷങ്ങൾ ഇതിനോടകം പൂർത്തിയായി. ഇപ്പോൾ വീട്ടിൽ പൂക്കളമിടുന്നതും വിപണിയിൽ നിന്നുള്ള പൂക്കൾ ഉപയോഗിച്ച് തന്നെയാണ്. അതുകൊണ്ട് തന്നെ തിരുവോണ ദിവസം പൂക്കളം ഒരുക്കുന്നതിന് പൂവ് വാങ്ങാൻ വൈകുന്നേരത്തോടെ കൂടുതൽ ആളുകൾ കടകളിലേയ്ക്ക് എത്തും.
തിരുവോണ സദ്യയ്ക്കുള്ള പച്ചക്കറികൾ വാങ്ങാനും ഇന്നാണ് ആളുകൾ എത്തുക.പൂരാട ദിനമായ ഇന്നലെയും നിരത്തുകളിൽ തിരക്കായിരുന്നു. മാർക്കറ്റുകൾ, ഓണച്ചന്തകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയിൽ വൻ തിരക്കാണ്. വഴിയരികിൽ പച്ചക്കറികൾ നിറഞ്ഞ സദ്യക്കിറ്റുകളും ലഭിക്കും.
വസ്ത്രവ്യാപാരശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലതും ഏറെ വൈകിയാണ് ഇപ്പോൾ അടയ്ക്കുന്നത്. ബ്രാൻഡ് കടകൾ മുതൽ ചെറുകിട തുണിത്തരങ്ങൾ വിൽക്കുന്ന കടകളിൽ വരെ തിരക്ക് തന്നെ.
ഓണ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. പായസം, ഉപ്പേരി, വിവിധതരം അച്ചാറുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള പായസ മേളകൾ നാട്ടിൽ സജീവമായിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉപ്പേരി, ശർക്കരവരട്ടി, ചീഡ എന്നിവയ്ക്ക് കാര്യമായ വിലക്കയറ്റമില്ലന്ന് പറയാം. ഏത്തയ്ക്കയുടെ ഗുണനിലവാരം അനുസരിച്ച് ഉപ്പേരി, ശർക്കരവരട്ടി വില വ്യത്യാസമുണ്ട്. വെളിച്ചെണ്ണയിൽ തന്നെയുണ്ടാക്കുന്നതിന് വില കൂടുതലാണങ്കിലും ആവശ്യക്കാരേറെയാണ്.
പ്രമുഖ ഹോട്ടലുകളിൽ ഓണ സദ്യയ്ക്കുള്ള ടോക്കണുകൾ ഭൂരിഭാഗവും തീർന്നു. ഉത്രാടദിനമായ ഇന്നും തിരുവോണദിനമായ നാളെയുമാണ് കൂടുതൽ ബുക്കിങ്.
ഓണസദ്യയുടെ നിരക്ക് ഒരു ഇലയ്ക്കു 250ൽ തുടങ്ങി 450 രൂപ വരെയാണ്. വില കൂടുന്നതിനനുസരിച്ച് കറികളുടെയും പായസത്തിന്റെയും എണ്ണം കൂടും. 27 കൂട്ടം കറികളും 3 കൂട്ടം പായസവും അടങ്ങിയ സദ്യയ്ക്കു 400 രൂപയാണ്. തൂശനില സദ്യ പാഴ്സലുകൾക്കു 300–550 രൂപ വരെയെത്തും. കേറ്ററിങ് സ്ഥാപനങ്ങളും ആവശ്യക്കാർക്കു സദ്യ ഒരുക്കുന്നുണ്ട്.