പാലാ: ഡോക്ടർമാരുടെ പൊതു സ്ഥലം മാറ്റത്തെ തുടർന്ന് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ നേത്ര വിഭാഗം കൺസൾട്ടൻ്റിനെ മാറ്റിയതിനാൽ നേത്ര ശസ്ത്രക്രിയ പാടേ നിലച്ചിരിക്കുകയാണ്. പകരം ആളെ നിയോഗിക്കാതെയാണ് സർക്കാർ സ്ഥലം മാറ്റം നടപ്പാക്കിയത്.
അടുത്ത കാലത്ത് നേത്ര ശസ്ത്രക്രിയ വിഭാഗം നവീകരിക്കുകയും പുതിയ ഉപകരണങ്ങൾക്ക് ഓർഡർ നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ ഒ.പി.വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്.
പാലാ കൂടാതെ കോട്ടയം ജനറൽ ആശുപത്രിയിലാണ് നേത്ര ശസ്ത്രക്രിയ ഉണ്ടായിരുന്നത്. ഇവിടെ തീയേറ്റർ കെട്ടിടം പുതുക്കി പണിയുവാൻ വേണ്ടി പൊളിച്ചുമാറ്റുന്നതിനാൽ അവിടെയും ഇനി ശാസ്ത്രക്രിയകൾ മുടങ്ങുന്ന സ്ഥിതിയാണ്.
ജില്ലയിൽ സർക്കാർ മേഖലയിൽ നേത്രരോഗികളുടെ ശാസ്ത്രക്രിയയ്ക്ക് തീയേറ്റർ സൗകര്യമുള്ള പാലാ ജനറൽ ആശുപത്രിയിൽ നേത്രശാസ്ത്രക്രിയ വിദഗ്ധനെ നിയമിച്ച് രോഗികൾക്ക് ചികിത്സ ലഭ്യമാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.