ലോട്ടറി കടയുടെ മറവിൽ പരസ്യമായ മദ്യപാനവും അസഭ്യം പറച്ചിലും കയ്യാങ്കളിയും നിത്യസംഭവമാണ്. വഴിയിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളെയും സ്ക്കൂൾ വിദ്യാർത്ഥികളെയും കമന്റടിക്കുന്നതും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ഇവിടെ പതിവാണെന്ന് അവർ ആരോപിച്ചു.
പാലായുടെ ഹൃദയ ഭാഗത്ത് നടക്കുന്ന ഇത്തരം പ്രവർത്തികളെക്കുറിച്ച് സമീപപ്രദേശങ്ങളിലെ വ്യപാരികൾ പൊലീസിൽ പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പരാതി പറഞ്ഞ വ്യാപാരികൾക്ക് നേരെ ഗുണ്ടാ സംഘം അസഭ്യം പറയുകയും, വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ, ജനറൽ സെക്രട്ടറി വി സി ജോസഫ് എന്നിവർ ആരോപിച്ചു. നഗരസഭയിലും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ല.
കുരിശുപള്ളി കവലയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ സാമൂഹ്യവിരുദ്ധർ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പാലാ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് സുഖമായി പ്രവർത്തിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് ആവശ്യപ്പെട്ടു.