പ്രതീകാത്മക ചിത്രം
കടുത്തുരുത്തി: ഒരു വർഷം മുൻപേ ഇരട്ടപ്പാതയടക്കം നവീകരിച്ച കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ട്രെയിൻ പോലും പുതുതായി അനുവദിക്കാത്തതിൽ പ്രതിഷേധം കനക്കുന്നു. ഏറെ തിരക്കുള്ള ഈ സമയത്തേ യാത്ര ജോലിക്കാരുൾപ്പെടെയുള്ള ദിവസയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാകുകയാണ്. സമയത്ത് ലക്ഷ്യ സ്ഥാനത്തെത്താൻ നെട്ടോട്ടമോടുകയാണ് യാത്രികർ. കോട്ടയം എറണാകുളം സംസ്ഥാപാതയിലും വലിയ തിരക്കുള്ള സമയമാണിത്.
നിലവിൽ രാവിലെ 06:58ന് പാലരുവി എക്സ്പ്രസ്സ് പോയി കഴിഞ്ഞാൽ 08:25ന് വരുന്ന വേണാട് എക്സ്പ്രസ് ആണ് കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് ഉള്ള ട്രെയിൻ. ഇതിനിടയിൽ 07:27ന് വന്ദേ ഭാരത് എക്സ്പ്രസ്സ് കടന്ന് പോകുന്നതിനാൽ മുന്നേ പോകുന്ന പാലരുവി എക്സ്പ്രസ്സ് 25 മിനിറ്റോളം മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടുകയാണ്.
വേണാട് എകസ്പ്രസ് ദിവസവും അരമണിക്കൂറോളം വൈകിയാണ് കോട്ടയത്ത് എത്തുന്നത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് ഹൈക്കോടതി, എയർപോർട്ട്, പോർട്ട് ട്രസ്റ്റ്, ഫാക്ട്, ഇൻഫോപാർക്ക്, കൊച്ചി കപ്പൽശാല, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, ബാങ്കുകൾ, കോടതികൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങി നിരവധിയായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കായി ട്രെയിനിനെ ആശ്രയിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും മുൻകൂർ പണമടച്ച് സീസൺ ടിക്കറ്റ് എടുത്ത പ്രതിദിന യാത്രക്കാരാണ്.
രാവിലെ 06:58 കഴിഞ്ഞാൽ എറണാകുളത്തേക്കുള്ള ഏക ട്രെയിൻ 07:27നുള്ള വന്ദേ ഭാരത് എക്സ്പ്രസ്സ് ആണ്. വന്ദേഭാരത് പ്രീമിയം ട്രെയിൻ ആയതിനാൽ സാധാരണക്കാരായ സ്ഥിരം യാത്രക്കാർക്ക് യാത്ര ചെയ്യുവാൻ സാധിക്കില്ല.
ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ സമയമാണ് 07:30നും ഒമ്പത്തിനുമിടയിൽ അതിനാൽ രാവിലെ ഒരു മെമു സർവീസ് എറണാകുളത്തേക്ക് അനുവദിക്കണമെന്ന് യാത്രക്കാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ മെമു റേക്കുകൾ ഇല്ലാത്തതും എറണാകുളം ജംഗ്ഷനിൽ പ്ലാറ്റ്ഫോം ഒഴിവില്ല എന്നും പറഞ്ഞു ഈ നിർദേശങ്ങൾ അവഗണിക്കുകയായിരുന്നു.
പുതിയ ട്രെയിൻ ഇല്ലാതെ തന്നെ പ്രശ്നം പരിഹരിക്കാമെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. മദ്ധ്യ കേരളത്തിൽ നിന്നും വളരെയധികം യാത്രക്കാരുള്ള ബംഗളുരുവിലേക്ക് പുതിയ ട്രെയിൻ അനുവദിക്കാതെ തന്നെ നിലവിൽ ദിവസേന എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഇൻറർസിറ്റി എക്സ്പ്രസ്സ് കോട്ടയത്തേക്ക് നീട്ടി സർവീസ് നടത്താം.
നിലവിലെ സൂപ്പർഫാസ്റ്റുകളുടെ സ്റ്റോപ്പുകൾ ഉപയോഗപ്പെടുത്തി സമയനഷ്ടം കൂടാതെ തന്നെ ഈ സർവീസ് റെയിൽവേക്ക് നടത്താൻ സാധിക്കും. വന്ദേഭാരതിന് ശേഷം രാവിലെ 07:45 ന് കോട്ടയത്ത് നിന്നും സർവീസ് ആരംഭിച്ച് അടുത്ത സൂപ്പർ ഫാസ്റ്റ് സ്റ്റോപ്പായ വൈക്കത്ത് 08:10നും തൃപ്പൂണിത്തുറ 08:35നും എത്തി 09: 05ന് എറണാകുളം ടൗണിലെത്തി നിലവിലെ പോലെ തന്നെ സർവീസ് നടത്താമെന്നും വൈകിട്ട് 04: 50ന് എറണാകുളം ടൗണിൽ നിന്നും പുറപ്പെട്ട് 05:10ന് തൃപ്പൂണിത്തുറയിലും 05:30ന് വൈക്കത്തും 06ന് കോട്ടയവും എത്തുന്ന വിധത്തിൽ സർവീസ് പുനക്രമീകരിച്ച് വൈക്കം സത്യാഗ്രഹ ശതാബ്ദി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് എന്ന് പുനർനാമകരണം ചെയ്തു സർവീസ് ആരംഭിക്കണം എന്നതാണ് ആവശ്യം.
കോട്ടയത്ത് പിറ്റ് ലൈൻ ഇല്ല എന്ന വാദത്തിനു പരിഹാരമായി പഴയ കായംകുളം - എറണാകുളം പാസഞ്ചറിന്റെ ടൈമിൽ വണ്ടി വേണമെന്നുള്ള യാതക്കാരുടെ ആവശ്യം കൂടി നിലനിൽക്കെ വൈകിട്ട് 6.40 ഓട് കൂടി കോട്ടയത്ത് നിന്നും പുറപ്പെട്ടു 8.15 നു സൗത്തിൽ എത്തുന്ന വിധത്തിൽ ക്രമീകരിക്കാവുന്നതാണ്.
വീണ്ടും അടുത്ത ദിവസം രാവിലെ 5.00നു എറണാകുളം സൗത്തിൽ നിന്ന് പുറപ്പെട്ടു വഞ്ചിനാടിനു മുൻപ് കോട്ടയം എത്തുന്ന വണ്ടിക്കു 7.45 എന്ന നിർദിഷ്ട സമയത്തു യാത്ര പുനരാംഭിക്കാവുന്നതും ആണ്. തിരുവനതപുരം ഭാഗത്തേക്ക് മറ്റുള്ള ചെറിയ സ്റ്റേഷനിൽനിന്നുള്ള യാത്രക്കാർക്ക് വഞ്ചിനാടിനു കണക്ഷൻ വണ്ടിയും ഇതോടു കൂടി ലഭിക്കും.
നിലവിൽ വൈകിട്ട് 05 മുതൽ പിറ്റേന്ന് 09 വരെ പതിനാറു മണിക്കൂറോളം വെറുതെ എറണാകുളത്ത് കിടക്കുന്ന ട്രെയിൻ കോട്ടയത്തേക്ക് നീട്ടിയാൽ ബംഗളൂരുവിലേക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആയിരങ്ങൾക്ക് ഉപകാരപ്രദം ആയിരിക്കും.