representative image
വധശിക്ഷയ്‌ക്കെതിരേ പ്രതികള്‍ നൽകുന്ന ദയാഹർജികളിൽ രാഷ്ട്രപതി എടുക്കുന്ന തീരുമാനം കോടതിയിൽ ചോദ്യം ചെയ്യുന്നത് വിലക്കി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്ല് (BNSS). ദയാഹർജികളിൽ രാഷ്ട്രപതി എങ്ങനെയാണ് തീരുമാനം എടുക്കുന്നത് എന്നതിനെ സംബന്ധിച്ചും കോടതികൾക്ക് പരിശോധിക്കാനാകില്ലെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ, ദയാഹർജികളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി ഉണ്ടാകില്ല.
വധശിക്ഷയ്‌ക്കെതിരേ നൽകുന്ന ദയാഹർജികളിൽ ഭരണഘടനയുടെ അനുച്ഛേദം 72 പ്രകാരമാണ് രാഷ്‌ട്രപതി തീരുമാനമെടുക്കുന്നത്. 72-ാംഅനുച്ഛേദ പ്രകാരമുള്ള അധികാരം ഉപയോഗിച്ച് രാഷ്ട്രപതിയെടുക്കുന്ന തീരുമാനം ഇനി മുതൽ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കാൻ കഴിയില്ലെന്നാണ് 2023-ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്ലിന്റെ 473-ാം വകുപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ ദയാഹർജി രാഷ്‌ട്രപതി തള്ളിയാലും ആ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യാൻ നിലവിൽ നിയമപരമായി കഴിയുമായിരുന്നു. തൂക്കു കയർ ഒഴിവാക്കുന്നതിനുള്ള അവസാന നിയമ പോരാട്ടമാണ് ഇതിലൂടെ കുറ്റവാളികൾക്ക് ലഭിക്കുന്നത്.