കാഞ്ഞിരമറ്റം: പുതുപ്പള്ളിയുടെ വികസന പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ വിജയം അനിവാര്യമാണന്ന് സഹകരണ വകുപ്പുമന്ത്രി വി.എൻ വാസവൻ. മുഖ്യമന്ത്രിയും വിവിധ സുപ്രധാന വകുപ്പുകളുടെ മന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായി അൻപത്തിമൂന്നുവർഷം എം.എൽ. എ ആയിരുന്ന ജനപ്രതിനിധി നാടിന്റെ പൊതു വികസനത്തിന് പ്രാധാന്യം നൽകാതിരുന്നതു കൊണ്ടാണ് കാർഷിക രംഗത്തോ മറ്റു മേഖലളിലോ ആയി ഒരു വ്യവസായ സംരംഭം പോലും ഉണ്ടാവാതെ പോയതെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐ(എം) ന്റെ നേതൃത്വത്തിൽ ഇടതുപക്ഷം യാഥാർത്ഥ്യമാക്കിയ റബ്കോ അല്ലാതെ മറ്റൊന്നു പറയാൻ യു.ഡി.എഫിനോ കോൺഗ്രസിനോ സാധിക്കുമോയെന്നദ്ദേഹം ചോദിച്ചു. ഓഖിയും നിപ്പയും മഹാപ്രളയവും പ്രകൃതിക്ഷോഭവും കോവിഡ് മഹാമാരിയും വന്നപ്പോൾ ദുരിത കയത്തിൽപ്പെട്ട
ജനതയ്ക്ക് സുരക്ഷയൊരുക്കി ആഗോള മാതൃകയായ കേരളം ദേശീയ പാതകളും വാട്ടർ മെട്രോയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമടക്കം വികസന രംഗത്ത് രാജ്യത്തിന് മാതൃകയായി കുതിയ്ക്കുമ്പോൾ പുതുപ്പള്ളിക്ക് അർഹമായത് നേടിയെടുക്കാൻ നമുക്കാവണമെന്ന് ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു.
ഈ തിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും ഒരു സർക്കാരിനും പോറലേൽക്കില്ലെന്നിരിക്കെ പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്നയാൾ എം.എൽ.എ ആയാൽ വികസന മുന്നേറ്റം ഉറപ്പു വരുത്താനാകും. ആയതിനാൽ ഈ ഉപതെരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസിന് അവസരം കൊടുക്കണമെന്നും തുടർ പ്രവർത്തനങ്ങൾ രണ്ടര വർഷ ശേഷം പൊതു തെരഞ്ഞെടുപ്പുവേളയിൽ വിലയിരുത്താനവസരമുണ്ടന്നും മന്ത്രി പറഞ്ഞു.
അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ കാത്തിരമറ്റത്ത് നടന്ന വികസന സന്ദേശ സദസ്സ് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവംഗം കെ.പ്രകാശ് ബാബു എക്സ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.ഐ. (എം) ലോക്കൽ സെക്രട്ടറി ടോമി ഈരൂരിക്കൽ അദ്ധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടൻ എം.പി, എൽ.ഡി.ഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഡാന്റീസ് കൂനാനിക്കൽ , മാത്തുക്കുട്ടി ഞായർകുളം, സി.പി.ഐ. ജില്ലാ ട്രഷറാർ ബാബു കെ ജോർജ്, നിയോജക മണ്ഡലം ഇലക്ഷൻ കമ്മറ്റി കൺവീനർ ജോസഫ് ചാമക്കാല, കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടം, എൽ.ഡി.എഫ് മണ്ഡലം കൺവീനർ സാബു കണി പറമ്പിൽ, സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ. പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി തുടങ്ങിയർ പ്രസംഗിച്ചു.
വിവിധ കക്ഷി നേതാക്കളായ പി.ജെ കുര്യൻ, ജയ്മോൻ പുത്തൻപുരയ്ക്കൽ, ലൂയിസ് കുര്യൻ, എം.എ.ബേബി, ജേക്കബ് തോമസ്, കെ.കെ രഘു, രാജശേഖരൻ നായർ ഒറ്റപ്ലാക്കൽ, ജിജോ വരിക്കമുണ്ട, അനൂപ് ജോൺ, ജോർജുകുട്ടി കുന്നപ്പള്ളിൽ, ടോമി മുടന്തിയാനി, പി.എൻ. അനിൽ കുമാർ, റോയി ഇടിയാകുന്നേൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.