ന്യൂഡൽഹി: വിദേശത്തുനിന്നുള്ള ലാപ്ടോപ്, പേഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്‍ലെറ്റ് അടക്കമുള്ളവയുടെ ഇറക്കുമതിക്കു കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. സർക്കാരിന്റെ പ്രത്യേക ലൈസൻസ് ഉണ്ടെങ്കിലേ ഇനി കമ്പനികൾക്ക് ഇറക്കുമതി സാധ്യമാകു. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്താനാണു നീക്കം.
ഇറക്കുമതിക്കു മുൻകൂർ അനുമതി വേണ്ടിവരുമെന്നതിനാൽ ഹ്രസ്വകാലത്തേക്ക് വിപണിയിൽ ലഭ്യതക്കുറവുണ്ടാകാം. വിലകൂടാനും ഇടയാകാം. ഇറക്കുമതി നിയന്ത്രണത്തിനു മുൻപ് കമ്പനികൾ ഓർഡർ ചെയ്ത കംപ്യൂട്ടറുകൾ 31 വരെ ഇന്ത്യയിൽ എത്തിക്കുന്നതിനു ലൈസൻസ് വേണ്ട.
എന്നാലിനി മുതൽ ഓരോ മോഡലിനും കമ്പനികൾ ലൈസൻസിനായി അപേക്ഷിക്കുകയും കാത്തിരിക്കുകയും വേണം. ഉത്സവസീസൺ വരാനിരിക്കെ ലൈസൻസിനു വേണ്ടിയുള്ള കാത്തിരിപ്പ് ആപ്പിൾ, സാംസങ്, ഡെൽ അടക്കമുള്ള കമ്പനികൾക്കു തിരിച്ചടിയാകും.
കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു നിയന്ത്രണമില്ല. ഇവ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ അസംബ്ലി ചെയ്യണമെന്നതാണു കേന്ദ്രം കമ്പനികൾക്കു നൽകുന്ന സന്ദേശം.