ഓണ വിപണിയിൽ ഇടപെടാൻ സർക്കാരിൽ നിന്നു കാര്യമായ വിഹിതം ലഭിക്കാത്ത സാഹചര്യത്തിൽ വിപണന മേഖലയിലെ കമ്പനികളുമായി സഹകരിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ വിപുലമായി സംഘടിപ്പിക്കാൻ സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) നീക്കം തുടങ്ങി.
സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൈവശമുള്ള സ്ഥലം വാടകയ്ക്കെടുത്തു താൽക്കാലിക പന്തലുകൾ ഒരുക്കിയാകും ചന്തകൾ. സബ്സിഡി ഉൽപന്നങ്ങളെക്കാൾ കൂടുതൽ ബ്രാൻഡഡ് വസ്തുക്കളും പാക്കറ്റിലാക്കിയ ഭക്ഷ്യ, കോസ്മറ്റിക് ഉൽപന്നങ്ങളും ലഭ്യമാക്കും.
പന്തലുകളിൽ ബ്രാൻഡഡ് കമ്പനികൾക്ക് സ്ഥലവും ചെറുകിട വ്യാപാരികൾക്കു സ്റ്റാളും വാടകയ്ക്കു നൽകുന്നതിലൂടെ പണം കണ്ടെത്തും. സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാൽ വാടകയിൽ ഇളവു ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
കമ്പനികളുടെ ഓഫറുകളും ഉപയോക്താക്കൾക്കു ലഭിക്കും. ഇതു സംബന്ധിച്ച് സപ്ലൈകോ ഉന്നതർ കമ്പനികളുമായി ചർച്ച നടത്തിവരികയാണ്.