ന്യൂഡൽഹി: ക്രൈസ്തവ സമൂഹത്തിനു കേന്ദ്ര സർക്കാരിലും പ്രധാന മന്ത്രിയിലുമുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതായി തോമസ് ചാഴികാടൻ എംപി. ലോക്സഭയിൽ പ്രതിപക്ഷ സഖ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈസ്റ്റർ ദിനത്തിൽ ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയം പ്രധാനമന്ത്രി സന്ദർശിച്ചതും കേരളത്തിൽ വന്നപ്പോൾ ബിഷപ്പുമാരുമായി പ്രധാനമന്ത്രി സംസാരിച്ചതും ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നൽകിയിരുന്നു എന്നാൽ മണിപ്പൂരിലെ സംഭവങ്ങൾ തികച്ചും നിരാശാജനകമാണ്.
ജോസ് കെ മാണി എംപിക്കൊപ്പം താൻ മണിപ്പൂർ സന്ദർശിച്ചപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്. ന്യുന പക്ഷ കുക്കി വിഭാഗങ്ങളിൽ നിന്നുള്ളവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന സാഹചര്യം ആണുള്ളത്. 260 ഓളം ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയാക്കി. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങൾ പക്ഷപാത പരമായാണ് പെരുമാറുന്നത്.
മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങൾ നമ്മുടെ രാജ്യത്തിന് ആഗോളതലത്തിൽ തന്നെ നാണക്കേടുണ്ടാക്കി. ഇത്രയധികം അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഉണ്ടായിട്ടും മണിപ്പൂർ സന്ദർശിക്കാനോ ആ സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കാനോ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മെനക്കെടാത്തത് തികച്ചും ആശ്ചര്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുകയും സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും സമാധാനം പുനഃ സ്ഥാപിക്കുകയും ചെയ്യുക, ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ ഉടൻ നീക്കം ചെയ്യുക, സംഘർഷത്തിനു പിന്നിലെ കാരണങ്ങൾ പഠിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിക്കുക, എല്ലാ ഇരകൾക്കും നഷ്ടപരിഹാരം നൽകുകയും അവരുടെ പുനരധിവാസം സമയബന്ധിതമായി ഉറപ്പാക്കുകയും ചെയ്യുക, അക്രമത്തിൽ തകർന്ന എല്ലാ ആരാധനാലയങ്ങളും സർക്കാർ പുനർനിർമ്മിച്ചു നൽകുക എന്നീ ആവശ്യങ്ങളും എംപി സർക്കാരിന് മുന്നിൽ വച്ചു.