പാലാ: ഉമ്മൻചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയും, കെ.എം.മാണി ധനകാര്യമന്ത്രിയുമായിരുന്ന യുഡിഎഫ് ഭരണ കാലഘട്ടത്തിലാണ് പാലായിലെ സുപ്രധാന വികസനങ്ങൾ നടന്നത് എന്ന് ചാനൽ ചർച്ചയിൽ സജി മഞ്ഞക്കടമ്പൻ പറഞ്ഞത് എങ്ങനെ ഗുരുനിന്ദ ആകുമെന്ന് യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ഷിനു പാലത്തിങ്കൽ ചോദിച്ചു.
കെ.എം.മാണി യുഡിഎഫ് കാരനായിരുന്നുവെന്നും അദ്ദേഹം മരിച്ചതും യുഡിഎഫ് കാരനായിട്ടായിരുന്നുവെന്നും എൽഡിഎഫിന്റെ ഭാഗമാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.മാണിയുടെ മരണശേഷം ജോസ് കെ മാണിയും കൂട്ടരും ബാർകോഴ ആരോപണത്തിന്റെ പേരിൽ കെ.എം.മാണിയെ ഏറ്റവും കൂടുതൽ അപമാനിച്ച സിപിഎമ്മിനൊപ്പം പോയി. അധിക്ഷേപിച്ചവരോടൊപ്പം കെ.എം.മാണിയുടെ ഫോട്ടോ കൂടി ചേർത്ത് പ്രചരിപ്പിച്ച് അദ്ദേഹത്തെ നിന്ദിക്കുന്നത് ജോസ് കെ മാണി ആണെന്നും ഷിനു കുറ്റപ്പെടുത്തി.
സജി മഞ്ഞക്കമ്പൻ ഒരു ഗുരുനിന്ദയും നടത്തിയിട്ടില്ല എന്നും അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുനാഥനായിരുന്ന കെഎം മാണി തെളിച്ച പാതയിലൂടെ യുഡിഎഫിനൊപ്പം നേതൃസ്ഥാനത്ത് നിലനിൽക്കുന്നതാണ് ജോസ് കെ മാണി ഭാഗത്തിന്റെ വിഭ്രാന്തിക്ക് കാരണമെന്നും ഷിനു പറഞ്ഞു.
യുഡിഎഫിലെ വഞ്ചിച്ച് ജോസ് വിഭാഗം എൽഡിഎഫിൽ പോയപ്പോൾ യുഡിഎഫിനൊപ്പം അടിയുറച്ച് നിന്ന സജി മഞ്ഞക്കടമ്പിനെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്താൻ ജോസ് വിഭാഗം നിരന്തരം ശ്രമം നടത്തി വരികയാണെന്നും, അദ്ദേഹത്തെ അധിക്ഷേപിക്കാൻ സോഷ്യൽ മീഡിയയിൽ പ്രത്യേകം ടീമിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ഷിനു കുറ്റപ്പെടുത്തി.