എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസികളുടെ ഐക്യദാർഢ്യ മഹാ സമ്മേളനം 27 ന് എറണാകുളം ടൗൺഹാളിൽ നടക്കുമെന്ന് അങ്കമാലി മേഖല വിശ്വാസി സമൂഹം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് സിറിൽ വാസിലിനെ അധിക്ഷേപിച്ച തെറ്റിനു മാപ്പാപേക്ഷിച്ച് 27 ന് എറണാകുളം ടൗൺ ഹാളിൽ അതിരൂപത തലത്തിൽ സ്നേഹ സംഗമം നടക്കും. സഭയോടും മാർപാപ്പയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സ്നേഹ സംഗമം ഉച്ചക്ക് 3 മുതൽ 6 വരെയായിരിക്കുമെന്നു മേഖല അൽമായ നേതാക്കളായ മാത്യൂ ഇല്ലിക്കൽ, ജോസ് പൈനാടത്ത്, ഷൈബി പാപ്പച്ചൻ, ബിജു പോൾ, ഡേവീസ് ചൂരമന എം.ടി ജോസ് എന്നിവർ അറിയിച്ചു.
തിരുസഭയോടും മാർപാപ്പയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സ്നേഹ സംഗമത്തിൽ അങ്കമാലി മേഖലയിൽ നിന്ന് 1500 പേരെ പങ്കെടുപ്പിക്കുമെന്ന് അവർ അറിയിച്ചു. സഭ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നവർക്കെതിരെ ശക്തമായ താക്കീത് കൂടിയാണ് സഭ ഐക്യദാർഢ്യ പ്രഖ്യാപനമെന്ന് അൽമായ നേതാക്കൾ ചൂണ്ടിക്കാട്ടി.
അല്ലാതെ സഭ മേലാധികാരികളെ ധിക്കരിച്ചു നടത്തുന്ന സഭ വിരുദ്ധ നടപടികൾ വിശ്വാസ സമൂഹം തികഞ്ഞ അവഗണനയോടെ തള്ളി കളയുമെന്നും പരിശുദ്ധ പിതാവിനെ നിന്ദിച്ചു കൊണ്ടുള്ള ഒരു തീരുമാനത്തിനും സഭാമക്കൾ ഉണ്ടാവുകയില്ല എന്നും അവർ വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.