മാതാ അമൃതാനന്ദമയിയുടെ ജൻമദിനമായ സെപ്റ്റംബർ 27 പാലാ അമൃതാനന്ദമയി മഠം വിശ്വശാന്തി പ്രാർത്ഥന ദിനമായി ആചരിക്കും. മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്.
മീനച്ചിൽ താലൂക്കിലെ 70 വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ, 70 പേർക്ക് വൃക്ഷത്തൈ വിതരണം, സാമൂഹിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച 70 അമ്മമാരെ ആദരിയ്ക്കൽ, 70 വീടുകളിൽ വിശ്വശാന്തി പ്രാർത്ഥന യജ്ഞം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന അമൃതാനന്ദമയിയുടെ 70ാം പിറന്നാളിന്റെ ഭാഗമായി പാലാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നത്.
27ന് രാവിലെ 11 മണിയ്ക്ക് നടക്കുന്ന സമ്മേളനത്തിൽ മുൻ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്, കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ. ടിവി മുരളിവല്ലഭൻ, കേരള ഹൈക്കോടതി സെൻട്രൽ ഗവൺമെന്റ് കൗൺസിൽ അഡ്വ. രാജേഷ് പല്ലാട്ട്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അനഘ കോലത്ത് തുടങ്ങിയവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാലാ ആശ്രമത്തിലെ മഠാധിപതി ബ്രഹ്മചാരി യതീശ്വരാമൃത ചൈതന്യ പരിപാടികൾക്ക് നേതൃത്വം നല്കും. സിജു കൊല്ലപ്പള്ളി, സോജാ ഗോപാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.