representative image
മനുഷ്യൻ എത്ര ധൈര്യശാലി ആണെങ്കിലും പാമ്പുകളോട് പണ്ടേ ഒരു പേടി ഉള്ളതാണ്. വിഷപ്പാമ്പുകൾ കടിച്ചാൽ മരണം സംഭവിച്ചേക്കാം എന്നത് തന്നെയാണ് ഇതിന്റെ കാരണം. എന്നാൽ പഴങ്കഥകൾ മാരക 'വിഷ'ജീവിയാക്കിയ ഒന്നാണ് അരണ. കടിച്ചാൽ മരണം ഉറപ്പാണത്രേ...
പറഞ്ഞുവന്നത് അരണകളെക്കുറിച്ചാണല്ലോ..അതിലേയ്ക്ക് തന്നെ തിരിച്ച് വരാം. പാമ്പുകളോട് ആളുകൾക്ക് ഉള്ള ഭയം തന്നെയാവാം കാഴ്ചയില്‍ പാമ്പിനെപ്പോലെ തോന്നുന്ന ജീവികളിലേയ്ക്കും എത്തിയത്. അരണ ഈ ലിസ്റ്റിൽ മുൻപന്തിയിൽ എത്താൻ കാരണവും ഇതുതന്നെയാകാം.
അരണ എന്ന ഈ പാവം ജീവിയുടെ തലയും ഉടലും ഒറ്റനോട്ടത്തില്‍ പാമ്പിനേപ്പോലെ തോന്നുന്നതിനാല്‍ ആരോ പറഞ്ഞുണ്ടാക്കിയതാവാം അരണ കടിച്ചാൽ മരിക്കുമെന്ന പഴഞ്ചൊല്ല്. വീട്ടിൽ വളർത്തുന്ന പൂച്ചയോ മറ്റോ പറമ്പിൽ നിന്നെങ്ങാനും വല്ല അരണയെയും പിടിച്ച് തിന്നാൽ അതിന് വിഷം ഏൽക്കുമെന്ന് പോലും ഭയപ്പെടുന്നവരുണ്ട്.
തലമുറകളായി കൈമാറി വരുന്ന പല അന്ധവിശ്വാസങ്ങളുമുണ്ട് 'ഒളിത്താവളങ്ങളി'ൽ നിന്നും പുറത്തിറങ്ങാൻ പോലും മടിയ്ക്കുന്ന അരണകളെ ചുറ്റിപ്പറ്റി. കടിച്ചാൽ ഉടൻ മരണം എന്ന ചൊല്ലിന് പുറമേ അരണയുടെ തലയിൽ 'അരണമാണിക്യം' വെച്ചുകെട്ടിയ കഥകളും വിശ്വാസവും കൂടി ഉണ്ടായിരുന്നു.
കൂടാതെ അരണ മഹാ മറവിക്കാരനെന്ന അപഖ്യാതിയും കൂട്ടിനുണ്ട്. അരണയുടെതല വാലറ്റം വരെ തിരിയുമ്പോഴേക്കും മനസിലോര്‍ത്ത കാര്യം മറന്നുപോകുമത്രെ. അതുകൊണ്ട് ഉദ്ദേശിച്ച ആളെ കടിക്കാന്‍ പോലും മറന്നുപോകുന്നു എന്നാണ് കഥ. കൂട്ടത്തിലുള്ള മറവിക്കാരെ നമ്മളൊക്കെ അരണബുദ്ധി എന്ന് വിളിയ്ക്കാറുമുണ്ട്.
ഈ മറവി ഇല്ലായിരുന്നെങ്കിൽ എല്ലാവരേയും അരണ ഓടിച്ചിട്ട് കടിയ്ക്കുമായിരുന്നു എന്ന് ചുരുക്കം. എന്നാൽ അരണകടിച്ച് ആരും ഇതുവരെ മരിച്ചിട്ടില്ല എന്നുമാത്രമല്ല അരണ കടിഏറ്റ് ഒരാളും ഏതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി നമ്മുടെ നാട്ടില്‍ ഒരു രേഖയും ഇതുവരെ ഇല്ല.
ഇനി അബദ്ധത്തിലെങ്ങാന്‍ ഒരു അരണ ആരെയെങ്കിലും കടിക്കാന്‍ ശ്രമിച്ചാല്‍ വലിയ വേദനപോലും ഉണ്ടാവില്ല. അത്ര ചെറിയ പല്ലുകൊണ്ട് കടിച്ചാൽ യാതൊരു അപകടവും വരാനുമില്ല.അരണയുടെ ശരീരത്തില്‍ അത്തരത്തില്‍ മാരകമായ വിഷം ഒന്നും ഇല്ല. വിഷപ്പല്ലുകളോ വിഷ ഗ്രന്ഥികളോ ഒന്നും.
ചെതുമ്പലുകളുള്ള ശരീരവും പടം പൊഴിക്കുന്ന സ്വഭാവവും ഉള്ള സ്‌ക്വാമേറ്റുകളില്‍ പെടുന്ന ഉരഗ ജീവികളാണ് അരണകള്‍. പാമ്പുകളും പല്ലികളും ഒക്കെ ഉള്‍പ്പെടുന്ന പരിണാമ വൃക്ഷത്തില്‍ എന്നാല്‍ പാമ്പുകളുമായി വലിയ അടുപ്പം ഇവര്‍ക്കില്ല.
ലോകത്തെങ്ങുമായി 180 ജനുസുകളിലായി 1685 സ്പീഷിസ് അരണകളെയാണ് ഇതുവരെ ആയി ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്. ആര്‍ട്ടിക്ക്, സബ് ആര്‍ട്ടിക്ക് പ്രദേശങ്ങളില്‍ ഒഴികെ ലോകത്തില്‍ എല്ലായിടങ്ങളിലും അരണകള്‍ ഉണ്ട്. ഇന്ത്യയില്‍ 18 ജനുസുകളിലായി 80 വ്യത്യസ്ത സ്പീഷിസ് അരണകളെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇനിയും ധാരാളം ഇനങ്ങള്‍ പലസ്ഥലങ്ങളിലായി തിരിച്ചറിയാനുണ്ട്. പുതിയ ഇനങ്ങളെ ഓരോ വര്‍ഷവും ഗവേഷകര്‍ പുതുതായി കണ്ടെത്തികൊണ്ടിരിക്കുന്നു.