സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസ് പൊലീസിൽ പരാതി നൽകി. കോട്ടയം എസ്പി ഓഫിസിൽ നേരിട്ടെത്തിയാണ് ഗീതു പരാതി നൽകിയത്.
പരാതിയിൽ രാഷ്ട്രീയമില്ലെന്ന് ഗീതു മാധ്യമങ്ങളോടു പറഞ്ഞു. ‘ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന പ്രയോഗം ഒൻപതു മാസം ഗർഭിണിയായ ഒരു സ്ത്രീ എന്ന നിലയിൽ ഏറെ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഈ അവസ്ഥയിലും നേരിട്ടു വന്നു പരാതി നൽകേണ്ടി വന്നതെന്നും ഗീതു പറഞ്ഞു.
ഗർഭിണി എന്നു പറയപ്പെടുന്ന എന്നൊക്കെയാണ് പറയുന്നത്. ആ വിഡിയോ കണ്ടാൽ ഞാൻ ഗർഭിണി അല്ലെന്ന് ആർക്കെങ്കിലും തോന്നുമോ? ജെയ്ക്ക് തിരഞ്ഞെടുപ്പിനു നിന്ന സമയം മുതലേ എന്റെ ചെറിയ ബൈറ്റുകൾ ഒക്കെ എടുക്കാൻ നിങ്ങൾ എല്ലാവരും വന്നിട്ടുള്ളതാണ്. ഞാൻ ഗർഭിണിയാണെന്ന കാര്യം നിങ്ങളിലൂടെയാണ് പുറത്തുള്ളവർ അറിയുന്നത്. ഇപ്പോൾ ഒൻപതു മാസം ഗർഭിണിയാണെന്ന കാര്യം പോലും എല്ലാവർക്കും അറിയാം. അത്രയും മോശമായിട്ട്, ഗർഭിണിയാണെന്ന് പറയപ്പെടുന്നു എന്ന രീതിയിൽ ഒരു ആക്ഷേപം വരുമ്പോൾ എനിക്ക് അതു വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി.’- ഗീതു കൂട്ടിച്ചേർത്തു.