കോട്ടയം: പ്രാദേശിക താൽപര്യങ്ങൾ അടിച്ചമർത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം അരക്കിട്ടുറപ്പിക്കാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നീക്കത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.നാനാത്വത്തിൽ ഏകത്വം കണ്ടെത്തുന്ന ഇന്ത്യൻ ഫെഡറലിസത്തിന്റെ അസ്ഥിവാരത്തെ ഈ നീക്കം ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വംശഹത്യ ഇപ്പോഴും അരങ്ങേറുന്ന മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യം കാണുകയാണ്. അതിന്റെ തനിയാവർത്തനങ്ങൾ രാജ്യത്തുണ്ടാകാൻ മാത്രമേ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിക്കത്തിലൂടെ സാധിക്കുകയുള്ളൂവെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് പ്രഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, ജോർജുകുട്ടി അഗസ്തി, വിജി എം തോമസ്, ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ളാക്കൽ, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാല, പെണ്ണന്മ തോമസ് പന്തലാനി എന്നിവർ പ്രസംഗിച്ചു.