എറണാകുളം: വമ്പൻ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഏഴ് പദ്ധതികള്‍ക്ക് ഒറ്റയടിക്ക് തുടക്കം കുറിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍). ഒക്ടോബര്‍ 2 തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് സിയാൽ വികസന ചരിത്രത്തിലെ പുതിയ അധ്യായമായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. വൈകീട്ട് 4.30-ന് ആണ് പരിപാടി.
രാജ്യാന്തര ടെർമിനൽ വികസനം തറക്കല്ലിടൽ, ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം, 0484 ലക്ഷ്വറി എയ്‌റോ ലോഞ്ച് തറക്കല്ലിടൽ, ഡിജിയാത്ര ഇ-ബോർഡിങ് സോഫ്റ്റ് വെയര്‍ ഉദ്ഘാടനം, അടിയന്തര രക്ഷാസംവിധാനം ആധുനികവൽക്കരണം ഉദ്ഘാടനം, ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടൽ, ഗോൾഫ് റിസോർട്‌സ് & സ്‌പോർട്‌സ് സെന്‍റർ തറക്കല്ലിടൽ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍.
ഭാവിയെ മുന്നിൽക്കണ്ടുള്ള പദ്ധതികള്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനികവൽക്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച എന്നിവയിൽ നിര്‍ണായകമാകും.
കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾകൊള്ളത്തക്കവിധം വിഭാവനം ചെയ്തിട്ടുള്ളതാണ് പദ്ധതികള്‍. കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് എന്നിവയാണ് പുതുതായി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍.
രാജ്യാന്തര ടെർമിനൽ വികസനത്തിന്‍റെ ഒന്നാംഘട്ട വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലാണ് നടക്കുക.
ഏഴ് മെഗാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ കെ.രാജൻ, പി.എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.പി.മാർ, എം.എൽ.എമാർ എന്നിവർ ചടങ്ങിന്‍റെ ഭാഗമാകും.