തിരുവനന്തപുരം: വായ്പാ സംഘങ്ങളിൽ ഒരാൾക്കു തുടർച്ചയായി 3 തവണവരെ മാത്രമേ ഭാരവാഹിയാകാൻ പറ്റുകയുള്ളൂവെന്നത് ഉൾപ്പെടെ നിർണായക വ്യവസ്ഥകൾ ഉൾപ്പെടുന്ന സഹകരണ ഭേദഗതി നിയമം നിയമസഭ ഇന്നലെ പാസാക്കി. ഒരാൾക്കു വ്യത്യസ്ത തരത്തിലുള്ള രണ്ടിലധികം സംഘങ്ങളിൽ ഭാരവാഹി ആകുവാനും ഇനി മുതൽ സാധിക്കില്ല.
ഒരേ വ്യക്തികൾ തന്നെ ഭാരവാഹികളായി തുടരുന്ന സംഘങ്ങളിൽ ക്രമക്കേടുകൾ കൂടുതലായി കണ്ടുവരുന്നതിനാലാണു നിയന്ത്രണം ഏർപ്പെടുത്തിയതെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. നിയമസഭാ സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലിൽ തുടർച്ചയായി 2 തവണയിൽ കൂടുതൽ മത്സരിക്കാനാകില്ലെന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിരുന്നത്.
സഹകാരികളുടെയും സിലക്ട് കമ്മിറ്റി അംഗങ്ങളുടെയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ആവശ്യം പരിഗണിച്ചു വായ്പാ സംഘങ്ങളിൽ മാത്രം തുടർച്ചയായ 3 തവണ എന്നാക്കി മാറ്റുകയായിരുന്നു. ഭരണസമിതിയിലെ ഒരു വനിതയും മറ്റൊരാളും 40 വയസ്സ് അധികരിക്കാൻ പാടില്ല. ഭരണസമിതിയിലേക്കു ബാങ്കിങ്, സഹകരണ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വന്നാൽ അതിലെ എല്ലാവർക്കും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അധികാരങ്ങൾ ലഭിക്കും.
സ്വത്തുവിവരം പൊതുയോഗത്തിൽ വിവരിക്കണം
വാർഷിക പൊതുയോഗത്തിൽ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ ഭാര്യ, ഭർത്താവ്, കുട്ടികൾ, അച്ഛൻ, അമ്മ എന്നിവരുടെയും സ്വത്തു വിവരങ്ങൾ അവതരിപ്പിക്കണം. ഭിന്നശേഷിക്കാർക്കു നിലവിൽ സഹകരണ സംഘങ്ങളിൽ നിയമനത്തിന് ഉണ്ടായിരുന്ന 3% സംവരണം 4% ആക്കി.
സർക്കാരിനെതിരെയുള്ള ജനവികാരം ശക്തമാണെന്നും കാപ്പൻ കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ പൊതുവികാരം തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടിപ്പിച്ച പുതുപ്പള്ളിയിലെ ജനത്തെ അഭിനന്ദിക്കുന്നതായും മാണി സി കാപ്പൻ പറഞ്ഞു.
എല്ലാ സഹകരണ സംഘങ്ങളെയും ബന്ധിപ്പിക്കുന്ന പൊതു സോഫ്റ്റ്‌വെയർ ഏർപ്പെടുത്തും. സംഘം ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യാനുള്ള ഭേദഗതി നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന അഭിപ്രായത്തെത്തുടർന്ന് അക്കാര്യം ഒഴിവാക്കി. സഹകരണ പരീക്ഷാ ബോർഡ് നിലവിൽ വായ്പാ സംഘങ്ങളിലെ ജൂനിയർ ക്ലാർക്ക് മുതലുള്ള നിയമനങ്ങളാണു നടത്തിവരുന്നത്. ഇനി എല്ലാ വിഭാഗം സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലാർക്ക് മുതലുള്ള നിയമനം നടത്തുന്നതു പരീക്ഷാ ബോർഡായിരിക്കും.
ഒരാൾക്ക് അനുവദിക്കാവുന്നതിലധികം തുക വായ്പയായി നൽകിയാൽ സംഘത്തിന്റെ ചീഫ് എക്സിക്യൂട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കും. അവർക്കെതിരെ നിയമനടപടി സ്വീകരിക്കും. യുവജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകും. സഹകരണ റജിസ്ട്രാറായി ഇപ്പോൾ ഐഎഎസുകാരെയാണു നിയമിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാമെന്നു ഭേദഗതി ചെയ്തു. നിയമം പാസ്സായതിനെ തുടർന്ന് പതിറ്റാണ്ടുകൾ മന്ത്രി തുല്യ പദവിയിൽ വിലസിക്കൊണ്ടിരുന്ന ആയിരക്കണക്കിന് സഹകരണ സംഘം ഭാരവാഹികൾക്ക് ഇനി മത്സരിക്കുവാനാവാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇക്കൂട്ടർ മറ്റ് സഹകരണ സംഘങ്ങളിലേക്ക് ചുവടുമാറുവാൻ തയ്യാറാകുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
ഒരു കൂട്ടർ തന്നെ വർഷങ്ങളോളും ഭരണം കൈയ്യാളി വരുന്ന സാഹചര്യത്തിൽ സ്വജനപക്ഷപാതങ്ങളും സാമ്പത്തിക ക്രമക്കേടും തുടർച്ചയായ സാഹചര്യത്തിലാണ് സർക്കാർ ധീരമായ നടപടിയിലൂടെ ഭാരവാഹിത്വ വാഴ്ച്ചയ്ക്ക് അന്ത്യം കുറിക്കുന്ന നിയമനിർമാണത്തിന് തയ്യാറായത്.
ഒരേ വ്യക്തികൾ വർഷങ്ങളോളം ഭാരവാഹികളായ നിരവധി സംഘങ്ങളാണ് അടുത്ത കാലത്ത് തകർന്നടിഞ്ഞത്. ഇവിടങ്ങളിലെല്ലാം ഭരണ സമിതിക്കാർ തന്നെ കോടികളാണ് അടിച്ചു മാറ്റിയത്.
പതിനായിരക്കണക്കായ നിക്ഷേപകർക്ക് പണം നഷ്ടപ്പെടുകയും ചെയ്തു. നിയമനിർമ്മാണത്തെ കയ്ച്ചിട്ട് ഇറക്കുവാനും മധുരിച്ചിട്ട് തുപ്പുവാനും കഴിയാതെ വന്നിരിക്കുകയാണ് ഭരണക്കാർക്ക്. നിയമ ഭേദഗതിയെ സഹകാരികളും നിക്ഷേപകരും ജീവനക്കാരും കൈയ്യടിച്ച് സ്വീകരിക്കുകയാണ്. സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ്റെ ഉറച്ച നിലപാടാണ് നിയമ ഭേദഗതി സാദ്ധ്യമാക്കിയത്.