പുണെ എൻഐവിയുടെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി) മൊബൈൽ ലാബ് കോഴിക്കോടെത്തി. ഇതോടെ നിപ്പ പരിശോധനകൾ കോഴിക്കോട്ട് നടത്തി ഫലം ഉടനടി ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു. രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ നിപ്പ രോഗബാധയുടെ ആശങ്കയ്ക്ക് ഇടയിൽ 11 പേരുടെ പരിശോധനാ ഫലം ഇന്നെത്തും.
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളുടെ ഫലമാണ് ഇന്നെത്തുക. അതിനിടെ, നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്രസംഘം കോഴിക്കോട്ട് എത്തി. ഇവർ ഗസ്റ്റ് ഹൗസിൽ ആരോഗ്യ വകുപ്പ് അധികൃതരുമായി യോഗം ചേരുകയാണ്. ഇതിനു ശേഷം നിപ്പ ബാധിത മേഖലകളിലേക്കു പോകും. ആദ്യം കുറ്റ്യാടിയിൽ പരിശോധന നടത്തിയശേഷം ആയഞ്ചേരി പഞ്ചായത്തിലേക്ക് പോവും.
അതേസമയം, കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകാണ്. ആൾക്കൂട്ടനിയന്ത്രണത്തിനായി ഈ മാസം 24 വരെ കോഴിക്കോട് ജില്ലയിൽ വലിയ പരിപാടികൾ ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കൺടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ നിയന്ത്രണം കടുപ്പിച്ചു.
കോഴിക്കോട് ഇതുവരെ നിപ്പ ബാധിച്ച് ചികിത്സയിലുള്ളത് 3 പേരാണ്. ഇതുവരെ ആകെ അയച്ചത് 18 പേരുടെ സാംപിളുകളാണ്. ഇതിൽ മരിച്ച ഒരാൾ ഉൾപ്പെടെ 4 പേർക്കു രോഗം സ്ഥിരീകരിച്ചു; 3 പേർക്ക് രോഗമില്ലെന്നും. ഇന്നലെ അയച്ച 11 പേരുടെ ഫലമാണ് വരാനുള്ളത്. പനി, മസ്തിഷ്കജ്വരം, ന്യുമോണിയ ലക്ഷണങ്ങളോടെ 18 പേർ കോഴിക്കോട് മെഡിക്കൽ കോളജ് നിപ്പ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.
മൂന്ന് ജില്ലകൾക്ക് ജാഗ്രതാ നിർദേശം
കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്.കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള 2 മരണങ്ങൾ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണൽ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.