മഞ്ഞപ്ര: വാഹനാപകടങ്ങൾ അടിക്കടി ഉണ്ടാകുന്ന ചന്ദ്രപ്പുര ജംഗ്ഷനിൽ മുന്നറിയിപ്പ് നൽകുന്ന അപകടസൂചന ബോർഡുകൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥാപിച്ചു. ചന്ദ്രപ്പുര ജംഗ്ഷനിലെ നാല് വശങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പുല്ലത്താൻ കവല, ചന്ദ്രപ്പുര ഈ രണ്ട് പ്രദേശങ്ങളിലെ അപകട ദുരവസ്ഥ മനസിലാക്കി ഇന്ദിരാ ഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി നാട്ടുകാരുടെ ഒപ്പ് സമാഹരിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നൽകിയതിനെ തുടർന്ന് അധികൃതർ ഈ രണ്ട് ജംഗ്ഷനുകളിൽ പരിശോധനക്ക് എത്തിയതിനെ തുടർന്നാണ് നടപടികൾക്ക് പ്രാരംഭം കുറിച്ചതും അപകട മുന്നറിയിപ്പ് കൊടുക്കുന്ന ബോർഡുകൾ സ്ഥാപിച്ചതും.
വാഹനങ്ങൾ പെരുകിയതോടെ ചന്ദ്രപ്പുര, പുല്ലത്താൻ കവലകളിൽ അങ്ങോട്ടുമിങ്ങോട്ടും പോകാൻ കഴിയാതെ യാത്രക്കാർ നിത്യവും ചെറുതും വലുതുമായ അപകടങ്ങളിൽ കുടുങ്ങുകയാണ് എന്ന് നാട്ടുകാർ പറഞ്ഞു. രാവിലെയും വൈകിട്ടും ഗതാഗത കുരുക്കൊഴിയാൻ ഏറെ നേരമെടുക്കുന്നു. ഒപ്പം അപകടങ്ങളും പതിവായിരിക്കുകയാണ്. കുരുക്ക് രൂക്ഷമാകുമ്പോൾ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും വ്യാപാരികളുമൊക്കെയാണ് റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത്.
മലയാറ്റൂരിൽ നിന്ന് അങ്കമാലിക്ക് വരുന്ന വാഹനങ്ങളും കാലടിയിൽ നിന്ന് മഞ്ഞപ്രക്ക് പോകുന്ന നൂറ് കണക്കിന് വാഹനങ്ങളാണ് ചന്ദ്രപ്പുര ജംഗ്ഷനിലൂടെ ദിവസേന കടന്ന്പോകുന്നത്. മലയാറ്റൂർ കോടനാട് പാലം വന്നതോടെ തൃശൂർ കോഴിക്കോട് എന്നീ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് മലയാറ്റൂർ വഴി എളുപ്പത്തിൽ കോട്ടയം ഭാഗത്ത് എത്താമെന്നതിനാൽ പല വാഹനങ്ങളും ചന്ദ്രപ്പുര വഴിയാണ് പോകുന്നത്.
ജംഗ്ഷനിൽ നാല് ദിശകളിലേക്കും തലങ്ങും വിലങ്ങും വാഹനങ്ങൾ സഞ്ചരിക്കുമ്പോഴാണ് ഗതാഗത കുരുക്കും അപകടങ്ങളുമുണ്ടാകുന്നത്. നല്ല തിരക്കുള്ള സമയങ്ങളിൽ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ഗതാഗത കുരുക്കും സുരക്ഷ സംവിധാനങ്ങളുടെ അപര്യാപ്തയും അപകടങ്ങൾ സ്ഥിരം സംഭവമാകുന്ന പുല്ലത്താൻ കവല, ചന്ദ്രപ്പുര ജംഗ്ഷനുകളിൽ സിഗ്നൽ സംവിധാനം ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ഉണ്ടാകണമെന്ന് ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം ബദ്ധപ്പെട്ട വകുപ്പ് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നൂറ് കണക്കിനു വ്യാപാര സ്ഥാപനങ്ങൾ, നിരവധി സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനലയങ്ങൾ ഉൾപ്പെടെ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഒരേ സമയം നാലു ദിശകളിൽ നിന്നുള്ള വാഹനങ്ങൾ കവലയിലെത്തി ചേരുന്നതിനാൽ ഗതാഗത കുരുക്ക് പ്രകടമാകും. ഒരു കോർണർ മീറ്റിങ്ങ് ഉണ്ടയാൽ കവല പൂർണ്ണമായും ഗതാഗത കുരുക്കിൽ വീർപ്പുമുട്ടും. കാൽനടക്കാർക്കും വാഹനമോടിക്കുന്നവർക്കും പേടിസ്വപ്നമായ ചന്ദ്രപ്പുര, പുല്ലത്താൻ കവല അപകടരഹിതമാക്കുന്നതിന് വേണ്ട സിഗ്നൽ സംവിധാനം ഉൾപ്പെടെയുള്ള മുൻ കരുതലുകൾ എടുക്കുന്നതിന് എത്രയും വേഗം ശാശ്വതമായ പരിഹാര പ്രവർത്തനങ്ങൾ ഉണ്ടാകൻ ഈ ജംഗ്ഷനുകൾ ബ്ലാക്ക് സ്പോട്ടായി കണക്കാക്കി അപകടങ്ങൾ ഇല്ലാതെയാക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണം.
ചന്ദ്രപ്പുര കവലയിൽ ദിശാസൂചക ബോർഡ് സ്ഥാപിച്ചത് ഏറെ ആശ്വാസദായകമായ തീരുമാനമാണ്. ഇനി ഇവിടെ സിഗ്നൽ സംവിധാനവും പുല്ലത്താൻ കവലയിൽ ദിശ സൂചക ബോർഡും സിഗ്നൽ സംവിധാനവും ഇവിടെ വൺവേയും നടപ്പാക്കണം. കാലടി മഞ്ഞപ്ര റൂട്ടിലൂടെപോകുന്ന വാഹനങ്ങളുമായി അങ്കമാലി റൂട്ടിൽ നിന്ന് മലയാറ്റൂർ റൂട്ടിലേക്കും തിരികെയും വരുന്ന വാഹനങ്ങൾ ഇടിക്കാനുള്ള സാധ്യതകൾ ഏറെയാണ്.
മരണം ഉൾപ്പെടെ ഒട്ടേറെ ചെറുതും വലതുമായ അപകടങ്ങൾ നടന്നിട്ടുള്ള പ്രദേശങ്ങളാണ് ചന്ദ്രപ്പുര, പുല്ലാത്താൻ കവല ജംഗ്ഷനുകൾ.
കാലടി പട്ടണത്തിൽ പതിവായുള്ള വാഹന കുരുക്കിൽ നിന്നു രക്ഷ നേടുന്നതിനു കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്ന് മൂവ്വാറ്റുപുഴ , കോട്ടയം ഭാഗത്തേക്ക് പോകുന്ന ദീർഘദൂര വാഹനങ്ങളും ചന്ദ്രപ്പുര, മലയാറ്റൂർ വഴിയാണ് കടന്ന് പോകുന്നത്. കൂടാതെ സമീപ പ്രദേശങ്ങളിൽ ധാരാളമുള്ള മെറ്റൽ ക്രഷർ, പാറമട, ഇഷ്ടിക കളം എന്നിവടങ്ങളിൽ നിന്നുള്ള ലോറികൾ പതിവായി സഞ്ചരിക്കുന്നതും ഇതിലെയാണ്.
പ്രധാന റോഡും പോക്കറ്റ് റോഡും ഏതാണെന്ന് തിരിച്ചറിയാനും സംവിധാനം വേണം. ഇത് സംബന്ധിച്ച് അപകടം ഉണ്ടാകുമ്പോൾ വാഹന യാത്രക്കാർ തമ്മിൽ പലപ്പോഴും തർക്കം ഉണ്ടാകാറുണ്ട്.
നേരത്തെ മഞ്ഞപ്ര- അങ്കമാലി റോഡിലൂടെയായിരുന്നു സഞ്ചാരം കൂടുതൽ ഉണ്ടായിരുന്നതെങ്കിൽ മലയാറ്റൂർ പാലം വന്നതോടെ നടുവട്ടം - അങ്കമാലി റോഡിലേക്കുള്ള വാഹന തിരക്ക് പതിൻ മടങ്ങായി വർധിച്ചു. പുല്ലത്താൻ കവല, ചന്ദ്രപ്പുര അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം രംഗത്തിറങ്ങിയത്.
ജനങ്ങൾക്ക് ഭീതിയില്ലാതെ റോഡ് മുറിച്ച് കടക്കാനും അവസരം ഒരുക്കണം. നൂറ് കണക്കിന് പേരാണ് യാതൊരു സുരക്ഷയും ഇല്ലാതെ ഇവിടെ നിത്യവും ഇവിടെ റോഡ് മുറിച്ച് കടക്കുന്നത്. മലയാറ്റൂർ ഭാഗത്ത് നിന്ന് അങ്കമാലിക്ക് പോകുന്ന വാഹനങ്ങൾക്ക് അമിത വേഗമാണുള്ളതെന്ന് പരാതി ഉണ്ട്. റോഡൊന്നു മുറിച്ചു കടക്കാൻ ഇവിടെ സീബ്രാ ലൈനില്ല. ചന്ദ്രപ്പുര, പുല്ലത്താൻ കവല കാൽനടയാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും പേടിസ്വപ്നമാകുന്നു.
പുല്ലത്താൻ കവലയിൽ സൂചന ബോർഡുകൾ, സീബ്ര ലൈൻ, ബ്ലിങ്കിംഗ് സിഗന്നൽ ലൈറ്റുകളും, ചന്ദ്രപ്പുരയിൽ സിഗ്നൽ ലൈറ്റുകൾ ഉൾപ്പെടെ സീബ്രാ ലൈനും വരച്ച് വാഹനപകടങ്ങളും ജന സുരക്ഷയും ഉറപ്പാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ 3 പ്രാവശ്യമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ അപകട മേഖലകൾ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തിയത്. പൊതു മരാമത്ത് വകുപ്പിന്റെ അനുമതിയോടെ സ്പോൺസർഷിപ്പ് വഴി ഈ രണ്ട് അപകട ജംഗ്ഷനുകളിൽ സിഗ്നൽ സംവിധാനം സ്ഥാപിക്കാനുള്ള സ്പോൺസർഷിപ്പ് ലഭിച്ചതായി ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹികളായ പഞ്ചായത്ത് മുൻ പ്രസിഡൻറ് ദേവസി മാടൻ, പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ ഡേവീസ് മണവാളൻ, കെ.സോമശേഖരൻപിള്ള, ജോസൺ വി. ആൻറണി, ഷൈബി പാപ്പച്ചൻ, ലാലു പുളിക്കത്തറ, എം.ഇ.സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന എന്നിവരുടെ നേതൃത്തിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരെ കണ്ട് കത്ത് നൽകിയത്.