പാലാ/കോട്ടയം: പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ ഭരണവിരുദ്ധ വികാരമാണെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. ഉമ്മൻചാണ്ടി എന്ന അദൃശ്യനായ സ്ഥാനാർത്ഥി ഉണ്ടായിരുന്നുവെന്നത് സത്യമാണ്.
അതുപോലെ തന്നെ സമസ്തമേഖലകളിലും ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സർക്കാർ നടപടിക്കെതിരെ കേരളത്തിലാകമാനമുള്ള ജനങ്ങൾക്കുവേണ്ടി പുതുപ്പള്ളിയിലെ ജനം ഏറ്റെടുത്ത് നടത്തിയ പ്രതികരണമാണ് ചാണ്ടി ഉമ്മൻ്റെ വൻ ഭൂരിപക്ഷത്തിൻ്റെ കാരണം. ഇത് മറച്ചുവയ്ക്കാനാവില്ല. അത് തുടർന്നു വരുന്ന പാർലെമെൻ്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.
ഇരുപതു സീറ്റിലും യുഡിഎഫ് ജയം നേടും. ഈ വൻഭൂരിപക്ഷം താൻ പ്രവചിച്ചിരുന്നതായി കാപ്പൻ അവകാശപ്പെട്ടു. ആദ്യം മുപ്പതിനായിരം ഭൂരിപക്ഷമാണ് പ്രവചിച്ചത്. പുതുപ്പള്ളിയിലെ ജനങ്ങളുമായി ഇടപെട്ടപ്പോൾ 39000 വരെ ഭൂരിപക്ഷം ഉയരാമെന്ന് പറഞ്ഞിരുന്നു.
സർക്കാരിനെതിരെയുള്ള ജനവികാരം ശക്തമാണെന്നും കാപ്പൻ കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ പൊതുവികാരം തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടിപ്പിച്ച പുതുപ്പള്ളിയിലെ ജനത്തെ അഭിനന്ദിക്കുന്നതായും മാണി സി കാപ്പൻ പറഞ്ഞു.