representative image
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ.സി.ബസില്‍ യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി.യുടെ 'ജനത സര്‍വീസ്' തിങ്കളാഴ്ച മുതൽ. കൊല്ലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്യും. ആദ്യപരീക്ഷണം എന്നനിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക.
തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ സമയക്രമം. കെ.എസ്.ആര്‍.ടി.സി.യുടെ ലോ ഫ്‌ലോര്‍ എ.സി.ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗപ്പെടുത്തുന്നത്.
കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളില്‍നിന്ന് എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിര്‍ത്തുന്ന ജനത സര്‍വീസ്, രാവിലെ 7.15-നു പുറപ്പെട്ട് 9.30-ന് തിരുവനന്തപുരത്ത് എത്തും. അവിടെനിന്ന് 10-ന് യാത്ര തിരിക്കുന്ന ബസുകള്‍ 12-ന് കൊല്ലത്തും കൊട്ടാരക്കരയിലും എത്തും. ഉച്ചയ്ക്ക് 2.20-ന് പുറപ്പെട്ട് 4.30-ന് തിരുവനന്തപുരത്ത് എത്തും.
അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം (മെഡിക്കല്‍ കോളേജ്-കൊല്ലം ബസ്), കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15-ന് സര്‍വീസ് അവസാനിപ്പിക്കും. പരിസരമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജനത സര്‍വീസുകള്‍ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.