തകർന്നിട്ട് രണ്ട് വർഷം തികയുമ്പോഴും പുനർനിർമ്മാണത്തിന് നടപടിയാകാതെ മൂന്നിലവ് കടവുപുഴ പാലം. രണ്ട് വർഷം മുൻപ് ശക്തമായ മഴയിലാണ് പാലം തകർന്ന് സഞ്ചാരയോഗ്യമല്ലാതായത്.
മൂന്നിലവ് പഞ്ചായത്തിലെ നാല് വാർഡുകളിലായി വരുന്ന 600 ലധികം കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത് ഈ പാലം ആയിരുന്നു. മലവെള്ളപ്പാച്ചിലിൽ പാലം തകർന്നതോടെ ഇവിടുത്തുകാരുടെ ദുരിതവും തുടങ്ങി. 6 കിലോമീറ്റർ സഞ്ചരിച്ച് ടൗണിൽ എത്തിയിരുന്നവർക്ക് ഇപ്പോൾ 25 കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ടൗണിലെത്താൻ സാധിക്കൂ.
സ്കൂളിൽ പോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് തീരാദുരിതമായി പാലത്തിന്റെ ദുരവസ്ഥ ഇന്നും തുടരുകയാണ് എന്നത് അധികാരികളുടെ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയായി മാറിയിരിക്കുകയാണ്. എന്ത് കാരണത്താലായാലും ജനങ്ങളെ ഇത്തരത്തിൽ ബുദ്ധിമുട്ടിലാക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ല.
പാലം ഈ നിലയിലായതോടെ ഇലവീഴാപൂഞ്ചിറ ഇല്ലിക്കൽകല്ല് പോലുള്ള പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര റോഡും ഇതോടെ ഉപയോഗിക്കാൻ കഴിയാതായി. ഇതിനിടയിൽ സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും മൂന്നു കോടി രൂപ അനുവദിച്ചിരുന്നതായി അറിയിച്ചെങ്കിലും ഇതിൽ നടപടി ഉണ്ടായില്ലെന്നും ആരോപണം ഉണ്ട്.