ഓള്‍ ഇന്ത്യ പെര്‍മിറ്റിൽ ഓട്ടം തുടങ്ങിയ സ്വകാര്യ ബസിന്റെ യാത്ര മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. വ്യവസ്ഥകള്‍ പരിശോധിക്കാതെ വാഹനത്തിന്റെ സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ പത്തനംതിട്ട ജില്ലാ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാന്‍ അനുമതിയുണ്ടെന്നാണ് സ്വകാര്യബസ്സുടമകളുടെ നിലപാട്. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാം.
ഇത് ശരിവെക്കുന്ന നിയമോപദേശമാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ക്കും ലഭിച്ചിട്ടുള്ളത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.യെ പ്രതികൂലമായി ബാധിക്കുന്ന ഈ സംവിധാനത്തിനെതിരേ നടപടിയെടുക്കാന്‍ ഉന്നതല സമ്മര്‍ദം മോട്ടോര്‍ വാഹനവകുപ്പിനുണ്ട്.
പെര്‍മിറ്റ് വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കുന്നതിന് പരിമിതിയുണ്ടെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ബസ് യാത്രപുറപ്പെടുന്നതിനുമുമ്പേ പിടികൂടി സാങ്കേതികപ്പിഴവുകളുടെപേരില്‍ ഫിറ്റ്നസ് റദ്ദാക്കി. മുന്‍വശത്തെ ചില്ലിന് പൊട്ടല്‍, ജി.പി.എസ്. തകരാര്‍, ടയറിന് തേയ്മാനം, ചവുട്ടുപടി തകര്‍ന്നു, ബ്രേക്ക് പോരായ്മ തുടങ്ങിയ നിസ്സാരകുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
15 ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ച് ബസ് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാനും നിര്‍ദേശം നല്‍കി. തത്കാലം ബസിന്റെ യാത്ര തടഞ്ഞിട്ടുണ്ടെന്ന ആശ്വാസത്തിലാണ് മോട്ടോര്‍വാഹനവകുപ്പ്.
ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ബസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ഇതിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. സംസ്ഥാനത്തെ ഒട്ടേറെ സ്വകാര്യബസ്സുടമകള്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റിനുവേണ്ടി അപേക്ഷിച്ചിട്ടുണ്ട്. അതേസമയം ബസിന്റെ പെർമിറ്റ് റദ്ദാക്കിയതിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.