തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഞായറാഴ്ച വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ.
ശനി : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
ഞായർ : തിരുവനന്തപുരം
തിങ്കൾ : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
ചൊവ്വ : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ തീരദേശ മേഖലയിൽ കാറ്റ് വീശാനുള്ള സാധ്യതയുള്ളതുകൊണ്ട് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇത്തവണ മഴയിൽ 48 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസം ആണ് കടന്നു പോയത്. മഴ കുറഞ്ഞത് വൈദ്യുത ഉത്പാദനത്തെ അടക്കം സാരമായി ബാധിച്ചിരുന്നു.