കുടക്കച്ചിറ: പുസ്തകങ്ങൾ സംസ്ക്കാര സമ്പന്നതയുടെ അടയാളമാണെന്ന് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ.സിന്ധുമോൾ ജേക്കബ് പറഞ്ഞു. കൈരളി വിജ്ഞാനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കുടക്കച്ചിറ സെൻ്റ്.ജോസഫ്സ് ഹൈസ്കൂളിൽ നടത്തിയ 'വായനശാലകൾ വിദ്യാലയങ്ങളിലേയ്ക്ക്' എന്ന പരിപാടിയുടെ ഭാഗമായുള്ള പുസ്തകക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
പാഠപുസ്തകങ്ങൾക്ക് പുറമെ അധിക വായനയ്ക്കുള്ള പുസ്തകങ്ങളും മാസികകളും വിദ്യാർത്ഥികൾക്ക് സ്കൂളിൽ തന്നെ ലഭ്യമാക്കുന്നതിനുള്ള പരിപാടിയാണ് കൈരളീ വിജ്ഞാന കേന്ദ്രത്തിന്റെ പുസ്തകക്കൂടാരം പദ്ധതി. ആനുകാലികങ്ങളും സ്കൂളിലെ റീഡിങ് റൂമിൽ സ്ഥാപിക്കും. ഓരോ ടേമിലും പുസ്തകങ്ങൾ മാറ്റിക്കൊടുക്കും.
ആദ്യത്തെ പുസ്തക കൂടാരം കുടക്കച്ചിറ സെന്റ്.ജോസഫ്സ് ഹൈസ്കൂളിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനായി ഒരു അലമാര നിറയെ ലൈബ്രറി പുസ്തകങ്ങളും ആനുകാലികങ്ങളും ലഭ്യമാക്കും.