representative image
നിര്‍മിത ബുദ്ധിയുടെ സാധ്യതകളും അത് വരുത്തിവെച്ചാക്കാവുന്ന ദോഷങ്ങളും എല്ലാം ചർച്ചയായിട്ട് കാലങ്ങളായി. നിര്‍മിത ബുദ്ധിയുടെ അപാര സാധ്യതകളെ പല മേഖകളും ഉപയോഗപ്പെടുത്തുന്നുമുണ്ട്.
ഇപ്പോള്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ഐവിഎഫ് ചികിത്സയുടെ വിജയനിരക്ക് വർധിപ്പിക്കാനും നിര്‍മിത ബുദ്ധിക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ശാസ്‌ത്രലോകം. ഐവിഎഫ് ചികിത്സയുടെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കാന്‍ നിര്‍മിത ബുദ്ധി സഹായിക്കുമെന്ന് അടുത്തിടെ ലഖ്‌നൗവില്‍ നടന്ന ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി സൊസൈറ്റിയുടെ (ഐഎഫ്‌എസ്) സമ്മേളനം അഭിപ്രായപ്പെട്ടു.
ഐവിഎഫിനായി തിരഞ്ഞെടുക്കുന്ന അണ്ഡത്തിന്റെയും ബീജകോശത്തിന്റെയും ഗുണനിലവാരം ഇതിന്റെ വിജയത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. ഇക്കാര്യത്തില്‍ നിര്‍ണായക സംഭാവനകള്‍ നിര്‍മിത ബുദ്ധിക്ക് നല്‍കാന്‍ സാധിക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്‌ധര്‍ വിലയിരുത്തി.
ഒവേറിയന്‍ ഫോളിക്കിളുകളുടെ വലുപ്പം, അണ്ഡത്തിന്റെ രൂപം എന്നിങ്ങനെ പല ഘടകങ്ങളും ഐവിഎഫില്‍ സ്‌ത്രീകളുടെ അണ്ഡത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നു. ബീജത്തിന്റെ ഘടന, സംയോജനം, ചലനക്ഷമത എന്നിവ പുരുഷ ബീജത്തിന്റെ നിലവാരത്തില്‍ പങ്ക് വഹിക്കുന്നു. ഇവയുടെ തിരഞ്ഞെടുപ്പില്‍ മനുഷ്യര്‍ വരുത്തുന്ന തെറ്റുകള്‍ പരിഹരിച്ച് കൂടുതല്‍ വസ്‌തുനിഷ്‌ഠ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്താമെന്നും സമ്മേളനത്തിൽ വിദഗ്ദർ അഭിപ്രായപ്പെട്ടു.
രാജ്യത്തെ നാനൂറിലധികം ഐവിഎഫ് വിദഗ്‌ധരും ഗൈനക്കോളജിസ്‌റ്റുകളും സമ്മേളനത്തില്‍ പങ്കെടുത്തു.