ഭരണങ്ങാനം: ആത്മീയതയുടെ പുതിയ വീഞ്ഞു വിളമ്പുന്ന നവ സുവിശേഷ വൽക്കരണത്തിന്റെ ഭാഗമാവണം സാമൂഹിക പ്രവർത്തനമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. സാമൂഹ്യ നന്മയ്ക്കായുള്ള സഭയുടെ ഇടപെടലുകൾ മഹത്തരമാണന്നും ഈ രംഗത്ത് കാരിത്താസ് ഇൻഡ്യയുടെ നേതൃത്വപരമായ സാന്നിദ്ധ്യം മാതൃകാപരമാണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു.
പാലായിൽ നടക്കുന്ന കാരിത്താസ് ഇൻഡ്യയുടെ പത്താമത് ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം ഭരണങ്ങാനം സെന്റ് അൽഫോൻസാ കബറിടപള്ളിൽ സമൂഹബലി അർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പാറ്റ്നാ അതിരൂപതാദ്ധ്യക്ഷൻ മാർ.സെബാസ്റ്റ്യൻ കല്ലുപുര, റവ.ഡോ.പോൾ മുഞ്ഞേലി, റവ.ഡോ ജോളി പുത്തൻപുര തുടങ്ങി നൂറ്റി അൻപതിൽ പരം വൈദികർ സഹകാർമ്മികരായിരുന്നു.
ഫാ.വർഗ്ഗീസ് മട്ടമന, കുശാൽ നിയോഗി, ജോസഫ് മാത്യു, ഫാ.പോൾ മുഞ്ഞേലി, ഫാ.ജോളി പുത്തൻപുര, ബബിത പിന്റോ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. വൈകിട്ട് വിവിധ നാടൻ കലാ പരിപാടികളുമുണ്ടായിരുന്നു. സമാപനദിനമായ ഇന്നലെ രാവിലെ വിജയപുരം രൂപതാദ്ധ്യക്ഷൻ മാർ.സെബാസ്റ്റ്യൻ തെക്കുംതൈച്ചേരിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകി.
കരുണയുടെ അനുഭവ സാക്ഷ്യമാണ് കാരിത്താസ് ഇൻഡ്യ നിർവ്വഹിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു. പ്രാദേശിക കാരിത്താസിസം ഇന്നിന്റെ ആവശ്യമാണന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. എം.ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.ജാൻസി ജയിംസ്, കാരിത്താസ് ഇന്റർനാഷണൽ പ്രതിനിധികളായ പീറ്റർ സെയ്ദൻ, പാൻ സോറൻ റോങ്ങ്, ഫാ.മാവേറിക് ഫെർണാണ്ടസ്, ഫാ.റൊമാൻസ് ആന്റണി, സി.ജസീന എസ്.ആർ.എ, സി.ദീപിക എസ്.എൻ.ഡി തുടങ്ങിയവർ പ്രസംഗിച്ചു.
സാമൂഹ്യ രംഗത്തെ പ്രവർത്തന മികവു പുലർത്തിയ സംഘടനകൾക്കുള്ള ഉപഹാരങ്ങൾ കാരിത്താസ് ഇൻഡ്യ ദേശീയ ചെയർമാൻ കൂടിയായ പാറ്റ്നാ അതിരൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ കല്ലുപുര വിതരണം ചെയ്തു.