representative image
കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ല സ്‌കൂള്‍ കായിക മത്സരം ഞായറാഴ്ച നടത്തുന്നതില്‍ നിന്ന് സംഘാടകര്‍ പിന്മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന ഞായറാഴ്ച ദിവസം പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ വ്യക്തമാക്കി.
'ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ വിശുദ്ധ ദിനമായി ആചരിക്കുന്ന ദിവസമായ ഞായറാഴ്ച്ച, അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പള്ളിയില്‍ പോവുകയും കുട്ടികള്‍ വിശ്വാസജീവിത പരീശീലനത്തിനായി മാറ്റിവയ്ക്കുകയും ചെയ്യുന്ന ദിവസമാണ്. കാഞ്ഞിരപ്പള്ളി രൂപതയില്‍ ഈ ഞായറാഴ്ച്ച കുട്ടികള്‍ക്ക് മതബോധന പരീക്ഷയും മുന്‍കൂട്ടി ക്രമീകരിച്ചിരുന്നതാണ്. വിശ്വാസ ജീവിത പരിശീലനത്തിനുള്‍പ്പെടെ മാറ്റി വച്ചിരിക്കുന്ന ആരാധനാ ദിവസമായതിനാല്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് അതിലിറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ല.'
തുടര്‍ച്ചയായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ബോധപൂര്‍വ്വമായ കടന്നു കയറ്റവും കടുത്ത വിവേചനവും അവഗണനയുമായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.
എത്രയും വേഗം കോട്ടയം റവന്യൂ ജില്ല സ്‌കൂള്‍ അതിലിറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച നടത്തുന്നതില്‍ നിന്ന് സംഘാടകര്‍ പിന്മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.